അങ്കണവാടി കുട്ടികള്‍ക്ക് വിതരണം ചെയ്യുന്ന അമൃതം പൊടിയില്‍ വിഷാംശം
അങ്കണവാടി വഴി കുട്ടികള്‍ക്ക് വിതരണം ചെയ്യുന്ന അമൃതം പൊടിയില്‍ വിഷാംശം കണ്ടെത്തി. സംഭവത്തില്‍ ജില്ലാ കലക്ടര്‍ റിപ്പോര്‍ട്ട് തേടി. വിഷവസ്തു കണ്ടെത്തിയതോടെ അമൃതം പൊടി ഉത്പാദിപ്പിക്കുന്ന എടയ്ക്കാട്ടുവയലിലെ കുടുംബശ്രീ യൂണിറ്റ് താല്‍ക്കാലികമായി അടച്ചു. അവിടെ ഉത്പാദിപ്പിച്ച് അങ്കണവാടി വഴി വിതരണം ചെയ്ത 98 ബാച്ച് അമൃതം പൊടിയിലാണ് അഫ്‌ളോടോക്‌സിന്‍ ബി വണ്‍ എന്ന വിഷവസ്തു കണ്ടെത്തിയത്. പിന്നാലെ ഇവിടെ നിര്‍മ്മിച്ച അമൃതം പൊടിയും നിര്‍മ്മിക്കാന്‍ ഉപയോഗിച്ച ധാന്യങ്ങളും സീല്‍ ചെയ്തു. സാമ്പാള്‍ ഭക്ഷ്യ സുരക്ഷാ വിഭാഗം പരിശോധനക്കായി ശേഖരിച്ചിട്ടുണ്ട്.
സാധാരണ ഗതിയില്‍ ഉല്‍പ്പാദിപ്പിക്കുന്ന അമൃതം പൊടിയുടെ സാമ്പിള്‍ പരിശോധനക്കായി അയക്കാറുണ്ട്. എന്നാല്‍ ഇതിന്റെ ഫലം വളരെ വൈകിയാണ് ലഭിക്കാറുള്ളത്. ഇതിനകം ഉല്‍പ്പാദിപ്പിച്ച അമൃതം പൊടി വിതരണത്തിനായി അയക്കുന്നതാണ് പതിവ്. മുളന്തുരുത്തി, കൊച്ചി കോര്‍പ്പറേഷന്‍, പള്ളുരുത്തി മേഖലകളില്‍ വരുന്ന ആറ് ഐ.സി.ഡി.എസുകള്‍ക്ക് കീഴിലുള്ള അങ്കണവാടികളിലാണ് വിഷാംശം കണ്ടെത്തിയ പൊടി വിതരണം ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് ഇന്ന് എ.ഡി.എം എസ്.ഷാജഹാന്റെ അധ്യക്ഷതയില്‍ അടിയന്തിര യോഗം വിളിച്ചിരുന്നു. യോഗത്തില്‍ പങ്കെടുത്ത ഭക്ഷ്യസുരക്ഷ, ഐ.സി.ഡി.എസ്, കുടുംബശ്രീ വിഭാഗങ്ങളോട് റിപ്പോര്‍ട്ട് ചോദിച്ചിരുന്നു.