അങ്കണവാടിയിൽ സംസാരിക്കാനാവാത്ത കുട്ടിക്ക് തിളച്ച പാൽ നൽകി പൊളളലേറ്റ സംഭവത്തിൽ ഹെൽപ്പർക്കെതിരെ കേസെടുത്തു……

അങ്കണവാടിയിൽ നിന്ന് തിളച്ച പാൽ നൽകിയതിനെ തുടർന്ന് അഞ്ച് വയസ്സുകാരന് പൊളളലേറ്റ സംഭവത്തിൽ ഹെൽപ്പർക്കെതിരെ പൊലീസ് കേസെടുത്തു. കണ്ണൂർ പിണറായി കോളോട് അങ്കണവാടി ജീവനക്കാരി വി ഷീബയ്ക്കെതിരെയാണ് കേസെടുത്തത്. സംസാരിക്കാൻ ബുദ്ധിമുട്ടുളള കുട്ടിക്ക് പൊളളലേറ്റിട്ടും ആശുപത്രിയിലെത്തിക്കാൻ അങ്കണവാടി ജീവനക്കാർ തയ്യാറായില്ലെന്ന് കുട്ടിയുടെ അച്ഛൻ പറഞ്ഞു. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം.

കുട്ടിയെ അങ്കണവാടിയിലാക്കിയ ശേഷം ഒരു മണിക്കൂർ കഴിഞ്ഞാണ്, വീട്ടിലേക്ക് വിളി വന്നതെന്ന് കുട്ടിയുടെ അച്ഛൻ പറഞ്ഞു. താടിയിലെ തോൽ പൊളിയുന്നു എന്നാണ് പറഞ്ഞത്. പോയി നോക്കിയപ്പോള്‍ മകന്‍റെ കീഴ്ത്താടിയും ചുണ്ടും നാവുമെല്ലാം പൊള്ളലേറ്റ നിലയിലായിരുന്നു. കുട്ടിക്ക് എന്താ കൊടുത്തതെന്ന് ചോദിച്ചപ്പോള്‍ പാൽ കൊടുത്തിരുന്നുവെന്ന് പറഞ്ഞു. തിളച്ച പാൽ കുടിച്ച് പൊള്ളലേറ്റിട്ടും കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോയില്ലെന്നും കുട്ടിയുടെ അച്ഛൻ പറഞ്ഞു.
കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ് കുട്ടി. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 337, 127 വകുപ്പുകള്‍ പ്രകാരമാണ് അങ്കണവാടി ജീവനക്കാരി വി ഷീബക്കെതിരെ കേസെടുത്തത്. ബാലാവകാശ കമ്മീഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്.

Related Articles

Back to top button