അഗ്നി 5 മിസൈൽ… പരീക്ഷണം വിജയം…

ഇന്ത്യ വികസിപ്പിച്ച എംഐആര്‍വി സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള അഗ്നി 5 മിസൈലിന്റെ പരീക്ഷണം വിജയമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡിആര്‍ഡിഒ തദ്ദേശീയമായി വികസിപ്പിച്ചതാണ് ആണവായുധ പ്രഹര ശേഷിയുള്ള അഗ്നി 5 മിസൈൽ. മിഷൻ ദിവ്യാസ്ത്ര എന്ന പേരിലാണ് അഗ്നി 5 മിസൈലിന്റെ പുതിയ പരീക്ഷണം നടന്നത്. എംഐആര്‍വി സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഒരൊറ്റ മിസൈൽ ഒന്നിലധികം പ്രദേശങ്ങളിൽ ആക്രമിക്കാൻ സാധിക്കുന്നതായിരുന്നു പരീക്ഷണം. പദ്ധതിയുടെ ഡയറക്ടര്‍ ഒരു വനിതയായിരുന്നു. നിരവധി സ്ത്രീകളുടെ അക്ഷീണ പ്രവര്‍ത്തനം ഈ ആയുധം വികസിപ്പിച്ചതിന് പിന്നിലുണ്ട്. ഇതോടെ എംഐആര്‍വി സാങ്കേതിക വിദ്യയുള്ള ചുരുക്കം രാജ്യങ്ങളുടെ ഗണത്തിലേക്ക് ഇന്ത്യയെത്തി.

ഡിആര്‍ഡിഒ വികസിപ്പിച്ച ദീര്‍ഘദൂര മിസൈലാണ് അഗ്നി 5. ഇതിന് 7500 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ച് ആക്രമണം നടത്താനാവും. 17 മീറ്റര്‍ നീളമുള്ള മിസൈലിന്റെ ഭാരം 50 ടണ്ണാണ്. 2012 ലാണ് മിസൈൽ ആദ്യമായി പരീക്ഷിച്ച് വിജയിച്ചത്. ഇന്നത്തെ പരീക്ഷണത്തോടെ അഗ്നി 5 മിസൈലിന് ഒന്നിലധികം ഇടത്ത് ആക്രമണം നടത്താനുള്ള ശേഷിയായി. ഇന്ത്യയുടെ സൈനിക ശേഷിക്ക് ഈ പരീക്ഷണ വിജയം വലിയ കരുത്തായി മാറി.

Related Articles

Back to top button