അഗ്നിവീര്‍ പദ്ധതി നിര്‍ത്തലാക്കണം..ഒരു രാജ്യം ഒറ്റ വൈദ്യുത നിരക്ക്..സഖ്യകക്ഷികളുടെ ആവശ്യങ്ങൾ ഇവയൊക്കെ….
സർക്കാർ രൂപീകരണത്തിന് എൻഡിഎ സഖ്യകക്ഷികൾ മുന്നോട്ടു വച്ച നിർദ്ദേശങ്ങൾ ബിജെപിക്ക് നൽകുന്നത് വൻ വെല്ലുവിളിയാണ്.അഗ്നിവീര്‍ പദ്ധതിയിൽ പുനരാലോചന വേണമെന്ന് എൻഡിഎ സഖ്യകക്ഷിയായ ജനതാദൾ യുണൈറ്റഡ്. എന്‍ഡിഎ സര്‍ക്കാരിന്റെ ഭരണത്തിന് പൊതുമിനിമം പരിപാടി വേണമെന്നും, ജാതി സെന്‍സസ് നടപ്പാക്കണമെന്നും ജെഡിയു എന്‍ഡിഎ നേതൃത്വത്തിന് മുന്നില്‍ ആവശ്യമുന്നയിച്ചു. ഒരു രാജ്യം ഒറ്റ വൈദ്യുത നിരക്ക് എന്ന ആവശ്യവും ജെഡിയു മുന്നോട്ടു വെച്ചിട്ടുണ്ട്.അതേസമയം ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്, ഏകീകൃത സിവില്‍ കോഡ് എന്നിവയെ പിന്തുണയ്ക്കുന്നതായും ജെഡിയു അറിയിച്ചിട്ടുണ്ട്.
നാല് മന്ത്രിമാർ വേണമെന്നാണ് ജെഡിയു നിർദ്ദേശിച്ചത്. മൂന്ന് ക്യാബിനറ്റ് പദവികളാണ് ജെഡിയു ആവശ്യപ്പെട്ടതെന്നാണ് സൂചന. റെയില്‍വേ, ഗ്രാമവികസനം, ജല്‍ശക്തി വകുപ്പുകളാണ് നിതീഷ് കുമാര്‍ താല്‍പ്പര്യപ്പെട്ടിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ട്. ലോക്സഭ സ്പീക്കർ, അഞ്ച് ക്യാബിനറ്റ് മന്ത്രിമാര്‍, രണ്ടു സഹമന്ത്രിമാര്‍ വേണമെന്നാണ് ടിഡിപിയുടെ ആവശ്യം. ഇതിൽ തീരുമാനം അറിഞ്ഞിട്ടു മാത്രം മന്ത്രിസഭയിൽ ചേരുന്ന കാര്യം തീരുമാനിക്കാമെന്നാണ് ടിഡിപി നിലപാട്. ടിഡിപിയുമായി ചർച്ച നടത്താൻ കേന്ദ്രമന്ത്രി പിയൂഷ് ഗോയലിനെ ബിജെപി ചുമതലപ്പെടുത്തിയിട്ടുണ്ട്.