അക്കൗണ്ടിൽ മിനിമം ബാലൻസ് സൂക്ഷിച്ചില്ലെങ്കിൽ പിഴ ഈടാക്കാറുണ്ടോ?.. പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ….
അക്കൗണ്ടിൽ മിനിമം ബാലൻസ് സൂക്ഷിച്ചില്ലെങ്കിൽ ഉപഭോക്താക്കളിൽ നിന്ന് ഭൂരിഭാഗം ബാങ്കുകളും പിഴ ഈടാക്കാറുണ്ട്. എന്നാൽ, പിഴയുമായി ബന്ധപ്പെട്ട് ഉപഭോക്താക്കൾക്ക് കൃത്യമായ ധാരണ ഉണ്ടാകാറില്ല. അതിനാൽ, മിക്ക ബാങ്കുകളും ഇഷ്ടമുള്ള രീതിയിലാണ് പിഴ ചുമത്താറുള്ളത്. ഇത്തരം നടപടികൾക്ക് തടയിടുന്നതിന്റെ ഭാഗമായി പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കിയിരിക്കുകയാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഉപഭോക്താവിനെ അറിയിക്കാതെയോ, നെഗറ്റീവ് ബാലൻസ് വരുത്തികൊണ്ടോ ഇനി മുതൽ ഉപഭോക്താക്കളിൽ നിന്ന് പിഴ ഈടാക്കാൻ ബാങ്കുകൾക്ക് സാധിക്കില്ല. ഇത് സംബന്ധിച്ച് മാർഗ്ഗനിർദ്ദേശങ്ങൾ ആർബിഐ ബാങ്കുകൾക്ക് കൈമാറിയിട്ടുണ്ട്. സേവിംഗ്സ് അക്കൗണ്ട് ഉള്ളവരാണെങ്കിൽ ഈ കാര്യങ്ങൾ നിർബന്ധമായും അറിയണം.
മിനിമം ബാലൻസ് സൂക്ഷിച്ചില്ലെങ്കിൽ പിഴ ഈടാക്കുന്നതിനുള്ള ആർബിഐ മാർഗ്ഗനിർദ്ദേശങ്ങൾ
അക്കൗണ്ടിൽ മിനിമം ബാലൻസ് ഇല്ലെങ്കിൽ, ഈടാക്കുമെന്ന് അറിയിപ്പ് എസ്എംഎസ്, ഇമെയിൽ, കത്ത് എന്നിവ മുഖാന്തരം ഒരു മാസത്തിനുള്ളിൽ ഉപഭോക്താക്കളെ അറിയിക്കേണ്ടതാണ്.
മിനിമം ബാലൻസ് നിശ്ചിത കാലയളവിനുള്ളിൽ പുനസ്ഥാപിച്ചിട്ടില്ലെങ്കിലോ, അറിയിപ്പുകളോട് പ്രതികരിച്ചില്ലെങ്കിലോ പിഴ ഈടാക്കാവുന്നതാണ്.
ബാങ്കിന്റെ ബോർഡ് പിഴ ഈടാക്കുന്ന നയത്തിന് അംഗീകാരം നൽകണം.
യഥാർത്ഥ ബാലൻസും, ആവശ്യമായ മിനിമം ബാലൻസും തമ്മിലുള്ള വ്യത്യാസത്തിന്റെ ഒരു നിശ്ചിത ശതമാനം മാത്രമാണ് പിഴയായി ഈടാക്കേണ്ടത്.
പിഴകൾ, ചാർജുകൾ എന്നിവ ന്യായമായതും, സേവനങ്ങൾ നൽകുന്നതിന് ഒരു ബാങ്ക് വഹിക്കുന്ന ശരാശരി ചെലവും ആയിരിക്കണം.
മിനിമം ബാലൻസ് സൂക്ഷിക്കാത്തതിന് ചാർജുകൾ ചുമത്തി സേവിംഗ്സ് അക്കൗണ്ടിലെ ബാലൻസ് നെഗറ്റീവ് ബാലൻസായി മാറുന്നില്ലെന്ന് ഉറപ്പാക്കണം.