അംബാനി കല്യാണം ക്ഷണിച്ചിട്ടും പങ്കെടുക്കാതെ ഗാന്ധി കുടുംബവും കോണ്‍ഗ്രസുകാരും….കാരണം….
ഇന്ത്യയിലെയും വിദേശത്തെയും സെലിബ്രിറ്റികളും രാഷ്ട്രീയ നേതാക്കളും ഒന്നടങ്കം പങ്കെടുത്ത മുംബൈയിൽ നടന്ന ആനന്ദ് അംബാനിയും രാധിക മെര്‍ച്ചന്റും തമ്മിലുള്ള വിവാഹ ചടങ്ങിൽ ഗാന്ധി കുടുംബത്തിലെ അംഗങ്ങളുടെയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെയും അസാന്നിധ്യവും ചര്‍ച്ചയാകുന്നു. പ്രധാനമന്ത്രി മുതൽ രാഷ്ട്രീയ സിനിമാ ബിസിനസ് മേഖലകളിലെ പ്രമുഖർ അണിനിരന്നപ്പോൾ, കോൺഗ്രസിന്റെ മുതിർന്ന നേതാക്കൾ കല്യാണത്തില്‍ നിന്ന് വിട്ടുനിന്നു. കോണ്‍ഗ്രസ് നേതാക്കളെ ക്ഷണിച്ചിരുന്നെങ്കിലും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നിർദ്ദേശ പ്രകാരമാണ് വിവാഹത്തില്‍ നിന്നും വിട്ടുനില്‍ക്കാൻ തീരുമാനിച്ചതെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. മമത ബാനർജി, അഖിലേഷ് യാദവ്, ലാലുപ്രസാദ് യാദവ്, ശരദ് പവാർ, ഉദ്ധവ് താക്കറെ തുടങ്ങി ഇന്ത്യ സഖ്യത്തിലെ പല നേതാക്കളും വിവാഹത്തിൽ പങ്കെടുത്തപ്പോഴാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ അംബാനിയുടെ ക്ഷണം ഉണ്ടായിട്ടും വിട്ടുനിന്നത്. സോണിയെ ഗാന്ധിയെ ദില്ലിയിലെ പത്ത് ജൻപഥിൽ എത്തി മുകേഷ് അംബാനി ക്ഷണിച്ചിരുന്നു. പ്രിയങ്ക ഗാന്ധിയുടെ കൂടി താല്പര്യത്തിലാണ് ഈ കൂടിക്കാഴ്ച നടന്നത്.