ഹോട്ടലിൽ മുറിയെടുത്ത് തീറ്റയും വെള്ളമടിയും
തിരുവനന്തപുരം: ആഡംബര ഹോട്ടലിൽ മുറിയെടുത്ത് താമസിച്ച് വിലകൂടിയ മദ്യവും ആഹാരവും കഴിച്ച ശേഷം കാശ് കൊടുക്കാതെ മുങ്ങുന്നയാൾ പിടിയിൽ. തിരുവനന്തപുരത്തെ ഹോട്ടലിൽ തങ്ങിയ ശേഷം മുങ്ങിയ കേസിലാണ് പ്രതിയായ വിൻസൻ ജോൺ പിടിയിലായത്. ഈ ഹോട്ടലിലിൽ നിന്ന് കാശ് കൊടുക്കാതെ മുങ്ങുന്നതിനിടെ ലാപ്ടോപും മറ്റ് സാധനങ്ങളും വിൻസൻ മോഷ്ടിച്ചതായി പരാതിയുണ്ട്. ഇയാൾ കേരളത്തിൽ മാത്രമല്ല മറ്റ് സംസ്ഥാനങ്ങളിലും ഇത്തരത്തിൽ ആഡംബര ഹോട്ടലിൽ തങ്ങിയ ശേഷം കാശ് കൊടുക്കാതെ മുങ്ങിയിട്ടുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായി. കേരളം, തമിഴ്നാട്, കർണാടകം എന്നീ സംസ്ഥാനങ്ങളിൽ മുന്തിയ ഹോട്ടലുകളിൽ മുറിയെടുത്ത് താമസിച്ച ശേഷം വിലകൂടിയ മദ്യവും ഭക്ഷണവും കഴിച്ച ശേഷം ഇയാൾ മുങ്ങിയിട്ടുണ്ടെന്നാണ് വ്യക്തമായത്.
തിരുവനന്തപുരത്തെ ഹോട്ടലിൽ ഈ മാസം 23നാണ് വിൻസൻ താമസിച്ച ശേഷം മുങ്ങിയത്. ഹോട്ടൽ അധികൃതർ പരാതി നൽകിയതോടെ പൊലീസ് സി സി ടി വി ദൃശ്യങ്ങളടക്കം പരിശോധിച്ച് അന്വേഷണം നടത്തുകയായിരുന്നു. സി സി ടി വിയിൽ പതിഞ്ഞ ഇയാളുടെ ഫോട്ടോ പൊലീസ് വിവിധ വാട്സാപ്പ് ഗ്രൂപ്പുകളിൽ ചെയ്തും അന്വേഷണം നടത്തിയിരുന്നു. ഇതിൽ നിന്നാണ് പ്രതിയെ തിരിച്ചറിയുകയും കൂടുതൽ അന്വേഷണം നടത്തുകയും ചെയ്തത്. അന്വേഷണത്തിൽ ഇയാളുടെ മൊബൈൽ ഫോൺ നമ്പർ ലഭിച്ചതോടെ പ്രതി വലയിലാകുകയായിരുന്നു. ഇന്ന് രാവിലെ ഇയാൾ കൊല്ലം റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഉണ്ടെന്ന് മൊബൈൽ ലൊക്കേഷൻ നോക്കി മനസിലാക്കിയ പൊലീസ് ആ വിവരം കൊല്ലം സിറ്റി ഡാൻസിഫ് ടീമിന് കൈമാറുകയായിരുന്നു. വിവരം ലഭിച്ച കൊല്ലം സിറ്റി പൊലീസ് ഇയാളെ രഹസ്യമായി പിന്തുടർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ പിന്നീട് തിരുവനന്തപുരം കന്‍റോൺമെന്‍റ് പൊലീസിന് കൈമാറി. ഇയാളിൽ നിന്ന് മോഷണമുതലുകൾ കണ്ടെടുത്തുവെന്ന് പൊലീസ് അറിയിച്ചു.