ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാം..പുറത്തുവിടരുതെന്ന ഹർജി തള്ളി ഹൈക്കോടതി…
മലയാള സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിച്ച ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നത് ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി തള്ളി. നിർമാതാവ് സജിമോൻ പാറയിൽ നൽകിയ ഹർജിയാണ് തളളിയത്. ജസ്റ്റിസ് വിജി അരുണിന്റെ ബെഞ്ചാണ് ഹർജി തള്ളിയത്. റിപ്പോർട്ട് പുറത്തുവിടണമെന്ന് ഹൈക്കോടതി വ്യക്തമാക്കി.ഹര്‍ജിക്കാരന്‍ അപ്പീല്‍ ഹര്‍ജിയുമായി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചില്ലെങ്കില്‍ റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്ക് ശേഷം പുറത്തുവിടും.
റിപ്പോര്‍ട്ട് സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാണെന്നാണ് ഹര്‍ജിക്കാരന്‍ വാദിച്ചത്. അരോപണവിധേയരായവരുടെ ഭാഗം കേള്‍ക്കാതെയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന, സംസ്ഥാന വിവരാകാശ കമ്മിഷന്‍ ഉത്തരവിന് എതിരെയാണ് സജിമോന്‍ ഹര്‍ജി നല്‍കിയത്.വ്യക്തിപരമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കി റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാമെന്ന നിലപാടാണ് സാംസ്‌കാരിക വകുപ്പും വിവരാവകാശ കമ്മീഷനും കോടതിയില്‍ സ്വീകരിച്ചത്. വിമന്‍ ഇന്‍ കലക്ടീവും വനിതാ കമ്മീഷനും ഹര്‍ജിയില്‍ കക്ഷി ചേര്‍ന്നിരുന്നു.