ഹൃദയാഘാതത്തിൽ നിന്ന് ഉടമയെ രക്ഷിച്ചത് പൂച്ച
വളർത്തുമൃഗങ്ങൾ നമുക്ക് വളരെയധികം പ്രിയപെട്ടവരാണ്. ഏറെ കരുതലോടെയും സ്നേഹത്തോടെയുമാണ് നമ്മൽ അവരെ പരിപാലിക്കാറുള്ളത്. അവയ്ക്കൊപ്പം സമയം ചെലവഴിക്കുന്നതും കളിക്കുന്നതും എല്ലാം നമ്മൾ ഏറെ ഇഷ്ടപെടുന്ന കാര്യങ്ങളാണ്. തന്റെ ഉടമയെ ഹൃദയാഘാതത്തിൽ നിന്ന് രക്ഷിച്ച പൂച്ചയാണ് ഇപ്പോൾ വാർത്തകളിൽ ഇടംനേടിയിരിക്കുന്നത്. ഉറക്കത്തിൽ നിന്ന് പൂച്ച തന്നെ ഉണർത്തിയില്ലായിരുന്നെങ്കിൽ താൻ മരണപ്പെട്ടേനെ എന്നാണ് ഉടമയായ സാം ഫെൽസ്റ്റഡിൻ പറയുന്നത്.. സംഭവം നടക്കുന്നത് ലണ്ടനിലാണ്. നോട്ടിങ്ഹാംഷെയറിലെ സ്റ്റാപ്പിൾഫോർഡിലാണ് ഇവർ താമസിക്കുന്നത്. മെഡിക്കൽ റിസപ്ഷനിസ്റ്റായി ജോലി ചെയ്യുകയാണ് ഉടമയായ സാം ഫെൽസ്റ്റഡിൻ.
ബില്ലി എന്ന തന്റെ ഏഴു വയസുള്ള പൂച്ച തന്നെ തക്ക സമയത്ത് ഉണർത്തിയില്ലായിരുന്നുവെങ്കിൽ ഉറക്കത്തിൽ ഹൃദയാഘാതം വന്നു മരണപെട്ടുപോയിരുന്നേനെ എന്നാണ് സാം ഫെൽസ്റ്റഡ് പറയുന്നത്. അത്ഭുതകരമായി രക്ഷപ്പെട്ട ഞെട്ടലിലാണ് ഈ നാൽപത്തിരണ്ടുകാരി. എന്നും വളർത്തു പൂച്ചയ്‌ക്കൊപ്പമാണ് സാം ഫെൽസ്റ്റഡ് ഉറങ്ങാറുള്ളത്. ഹൃദയാഘാതമുണ്ടായ രാത്രിയിൽ പതിവില്ലാതെ പൂച്ച കാലുകൾ ഉപയോഗിച്ച് നെഞ്ചിൽ ശക്തമായി തട്ടിയുണർത്താൻ ശ്രമിക്കുകയും ചെവിക്കരികിൽ നിന്ന് കരയാനും തുടങ്ങി. ശബ്ദം കേട്ട് പെട്ടെന്ന് ഞെട്ടി ഉണരുകയായിരുന്നു. കണ്ണ് തുറക്കുമ്പോൾ ആകെ വിയർത്ത് കുളിച്ച് ശരീരം ആകെ അനങ്ങാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. നെഞ്ചിന്റെ വലതുഭാഗത്തായി കഠിനമായ വേദനയും അനുഭവപെട്ടു. ഉടൻ തന്നെ സഹായത്തിനായി അമ്മ ക്യാരെൻ ഫെൽസ്റ്റഡിനെ വിളിക്കുകയായിരുന്നു. ‘അമ്മ ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചു. ഫെൽസ്റ്റഡിന് ഹൃദയാഘാതമുണ്ടായതാണ് എന്നും ആ സമയം ഉറക്കത്തിൽ നിന്ന് എണീക്കുവാൻ സാധിച്ചില്ലായിരുന്നെങ്കിൽ മരണം സംഭവിച്ചേനെ എന്നും ഡോക്ടർമാർ വിലയിരുത്തി. ഫെൽസ്റ്റെഡിന്റെ ശരീരത്തിലുള്ള മാറ്റങ്ങളോട് ബില്ലി പെട്ടെന്ന് പ്രതികരിച്ചതുകൊണ്ടാണ് അസാധാരണമായി പെരുമാറിയതെന്നും വിദഗ്ധർ പറഞ്ഞു.