ഹിൻഡന്‍ബര്‍ഗ് എഫക്ട്.. ഓഹരി വിപണിയിൽ ഇടിവ്…
അദാനിയുടെ വിദേശത്തെ ഷെൽ കമ്പനികളിൽ സെബി ചെയർപേഴ്സൺ മാധബി പുരി ബുച്ചിനും ഭർത്താവിനും നിക്ഷേപമുണ്ടെന്ന ഹിൻഡൻബർഗ് റിസർചിന്‍റെ വെളിപ്പെടുത്തലിന് പിന്നാലെ നഷ്ടം നേരിട്ട് ഇന്ത്യൻ ഓഹരി വിപണി. സെന്‍സെക്സിലും നിഫിറ്റിയിലും ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്.അദാനി ഗ്രൂപ്പിന്‍റെ ഓഹരി മൂല്യത്തില്‍ ഏഴ് ശതമാനം ഇടിവാണുണ്ടായിരിക്കുന്നത്. സെന്‍സെക്സില്‍ 400 പോയന്‍റ് നഷ്ടമാണ് ഇന്ന് വ്യാപാരം തുടങ്ങിയപ്പോൾത്തന്നെ രേഖപ്പെടുത്തിയത്. നിഫ്റ്റി ഇടിഞ്ഞ് 24300 പോയന്‍റിന് താഴെയെത്തിയിരുന്നു.
സെബി ചെയർപേഴ്സൺ മാധബി ബുച്ചിനും ഭർത്താവിനും അദാനിയുടെ ഉടമസ്ഥതയിലുള്ള ഷെൽ കമ്പനികളിൽ നിക്ഷേപമുണ്ടെന്നാണ് കഴിഞ്ഞ ദിവസം പുറത്തുവിട്ട ഹിൻഡൻബർഗ് റിപ്പോർട്ടിലുള്ളത്. ഓഹരി മൂല്യം പെരുപ്പിച്ചുകാട്ടാനായി അദാനി ഷെൽ കമ്പനികൾ രൂപീകരിച്ചിരുന്നു എന്ന വിവരം കഴിഞ്ഞ വർഷം പുറത്തുവിട്ടതും ഹിൻഡൻബർഗ് തന്നെയായിരുന്നു.അതേസമയം ഹിൻഡൻബർഗിന്‍റെ കഴിഞ്ഞ തവണത്തെ വെളിപ്പെടുത്തൽ സൃഷ്ടിച്ച അത്ര ആഘാതം ഇത്തവണ വിപണിയിലുണ്ടായില്ല എന്നത് നിക്ഷേപകർക്ക് ആശ്വാസമായിട്ടുണ്ട്.