സൈനികനും സഹോദരനും പോലീസ് സ്‌റ്റേഷനിൽ ആക്രമണം നടത്തി…കേസിൽ വഴിത്തിരിവ്….

കൊല്ലം : സൈനികനും സഹോദരനും പോലീസ് സ്‌റ്റേഷനിൽ ആക്രമണം നടത്തിയെന്ന കേസിൽ വഴിത്തിരിവ്. കിളികൊല്ലൂർ സ്വദേശിയും സൈനികനുമായ വിഷ്ണു, സഹോദരൻ വിഘ്‌നേഷ് എന്നിവർ പ്രദേശത്തെ പോലീസ് സ്‌റ്റേഷൻ ആക്രമിച്ചു എന്ന കേസിലാണ് വഴിത്തിരിവ് ഉണ്ടായിരിക്കുന്നത്. പോലീസിന്റെ ആഭ്യന്തര അന്വേഷണത്തിലാണ് കള്ളക്കേസ് സംബന്ധിച്ച വിവരങ്ങൾ പുറത്ത് വന്നത്. ഇരുവരെയും കള്ളക്കേസിൽ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ച് ക്രൂരമായി മർദ്ദിക്കുകയായിരുന്നെന്ന് അന്വേഷണത്തിൽ കണ്ടെത്തി. സംഭവത്തിൽ കിളികൊല്ലൂർ സ്റ്റേഷനിലെ പ്രിൻസിപ്പൽ എസ്.ഐ. അനീഷിനെയും രണ്ട് സി.പി.ഒ.മാരെയും സ്ഥലംമാറ്റി. വിവാഹത്തിനായാണ് സൈനികനായ വിഷ്ണു നാട്ടിൽ എത്തിയത്. സഹോദരൻ വിഘ്‌നേഷ് പ്രദേശിക ഡിവൈഎഫ്‌ഐ നേതാവാണ്.

എം.ഡി.എം.എ.യുമായി നാലുപേർ പിടിയിലായ കേസിൽ ഒരാൾക്ക് ജാമ്യം എടുക്കാനായാണ് വിഘ്നേഷിനെ ഉദ്യോഗസ്ഥർ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയത്. എന്നാൽ മയക്കുമരുന്ന് കേസാണെന്ന് അറിഞ്ഞതോടെ വിഘ്നേഷ് ജാമ്യംനിൽക്കാൻ തയ്യാറായില്ല. പിന്നാലെ വിഘ്നേഷും ഒരു പോലീസുകാരനും തമ്മിൽ വാക്കുതർക്കമുണ്ടായി. ഇതിനിടെയാണ് സഹോദരനെ തേടി വിഷ്ണു സ്‌റ്റേഷനിൽ എത്തിയത്. പിന്നാലെ ഇരുവരെയും പോലീസ് സ്‌റ്റേഷന്റെ ഉള്ളിലേക്ക് കൊണ്ടു പോവുകയായിരുന്നു. എം.ഡി.എം.എ. കേസിലെ പ്രതികൾക്കായി സ്റ്റേഷനിലെത്തിയ സഹോദരങ്ങൾ പോലീസിനെ ആക്രമിച്ചെന്നായിരുന്നു ഇരുവർക്കുമെതിരെ ചുമത്തിയ കേസ്. ഇക്കാര്യം വിശദമാക്കിയുള്ള പത്രക്കുറിപ്പും പോലീസ് പുറത്തിറക്കി. സൈനികനായ വിഷ്ണുവും വിഘ്‌നേഷും പോലീസിനെ ആക്രമിച്ചെന്ന കേസിൽ 12 ദിവസമാണ് ജയിലിൽ കഴിഞ്ഞത്. പിന്നാലെ വിഷ്ണുവിന്റെ വിവാഹവും മുടങ്ങി. കള്ളക്കേസിൽ ഉൾപ്പെടുത്തിയാണ് തങ്ങളെ പോലീസ് മർദ്ദിച്ചതെന്ന് സഹോദരങ്ങൾ നേരത്തെ വെളിപ്പെടുത്തിയിരുന്നു. എന്നാൽ തങ്ങൾ മർദിച്ചിട്ടില്ലെന്നും സൈനികനാണ് ആക്രമണം നടത്തിയതെന്നുമായിരുന്നു പോലീസിന്റെ പ്രതികരണം. സഹോദരങ്ങളുടെ ശരീരത്തിലുള്ള പാടുകൾ സ്റ്റേഷന് പുറത്തുണ്ടായ സംഘർഷത്തിനിടെ സംഭവിച്ചതാണെന്നും പോലീസ് പറഞ്ഞിരുന്നു. ഇതിനിടെയാണ് സഹോദരങ്ങളുടെ പരാതിയിൽ പോലീസ് ആഭ്യന്തര അന്വേഷണം നടത്തിയത്. ഈ അന്വേഷണത്തിലാണ് സത്യം പുറത്ത് വന്നതും പ്രതികളായ പോലീസുകാരെ സ്ഥലം മാറ്റിയതും.

Related Articles

Back to top button