സജി ചെറിയാന് വിനയായി വീണ്ടും നാക്കു പിഴ
ചെങ്ങന്നൂർ: ഒരു നാവു പിഴ കൊണ്ട് മന്ത്രിസ്ഥാനം നഷ്ടമായ സജി ചെറിയാന് വീണ്ടും ഒരു നാവു പിഴ. ചെങ്ങന്നൂർ പെരുമ എന്ന പേരിൽ മന്ത്രി മുൻകൈയെടുത്ത് സംഘടിപ്പിച്ച പരിപാടിയുടെ ഭാഗമായി നടന്ന പാണ്ടനാട് ജലോത്സവത്തിന് ഇടയാണ് വനിതയായ പഞ്ചായത്ത് പ്രസിഡന്റിനെ അധിക്ഷേപിക്കുന്ന തരത്തിലുള്ള സംസ്കാരമില്ലാത്ത വാക്കുകൾ മുൻ സാംസ്കാരിക മന്ത്രിയുടെ വായിൽ നിന്ന് വന്നത്. ഇന്നലെയാണ് പമ്പാനദിയിൽ പാണ്ടനാട് ചാമ്പ്യൻഷിപ് ബോട്ട് ലീഗ് എന്ന പേരിൽ സജി ചെറിയാൻ എംഎൽഎ മുൻകൈയെടുത്ത് ജലമേള സംഘടിപ്പിച്ചത്. ജലമേളയ്ക്ക് മുന്നോടിയായുള്ള സാംസ്കാരിക ഘോഷയാത്രയിൽ സമ്മാനം നേടിയതിൽ ഒരു പഞ്ചായത്തും ഉണ്ടായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് സ്പോൺസർ ചെയ്ത സമ്മാനം ഏറ്റുവാങ്ങാൻ വേണ്ടി സജി ചെറിയാനാണ് പഞ്ചായത്ത് പ്രസിഡന്റിനെ ക്ഷണിച്ചത്. പഞ്ചായത്തിന്റെ പേര് പറഞ്ഞ് പ്രസിഡന്റ് വേദിയിലേക്ക് കടന്നുവരണമെന്ന് എംഎൽഎ പലതവണ അനൗൺസ് ചെയ്തു. പ്രസിഡന്റ് വരാൻ താമസിച്ചപ്പോഴാണ് സജിയുടെ കോപം മൈക്കിലൂടെ ഒഴുകിയെത്തിയത്. വനിതയായ പഞ്ചായത്ത് പ്രസിഡന്റിനെ അധിക്ഷേപിക്കുന്ന തരത്തിലുള്ള വാക്കുകളാണ് സജി ചെറിയാൻ പറഞ്ഞത്. അടുത്ത് നിന്നവർ മാത്രമാണ് ഇത് കേട്ടതെന്ന് കരുതിയെങ്കിലും തെറ്റി ലൈവ് പരിപാടി കണ്ടുകൊണ്ടിരുന്നവർ ഇത് കേട്ടു.