സംവിധായികയായി 9 വയസുകാരി

അമ്പലപ്പുഴ: ഒമ്പതു വയസുകാരിയുടെ സംവിധാനത്തിൽ പിറവിയെടുത്ത ഹ്രസ്വചിത്രം പ്രദർശിപ്പിച്ചു. വീട്ടുകാർക്കും കൂട്ടുകാർക്കുമൊപ്പം തുള്ളിച്ചാടി പൂമ്പാറ്റയെപ്പോലെ പാറിപ്പറന്നു നടക്കേണ്ട കളർകോട് പവിത്രം വീട്ടിൽ ഗിരിപ്രസാദ് – കസ്തൂരി ദമ്പതികളുടെ മകൾ ഗായതി പ്രസാദിൻ്റെ പ്രഥമ ഹ്രസ്വചിത്രം “പ്രണയാന്ധം” ആണ് പറവൂർ ഇ.എം.എസ് കമ്യൂണിറ്റി ഹാളിലെ പ്രൗഢമായ സദസിൽ പ്രദർശിപ്പിച്ചത്. സ്നേഹ ബന്ധത്തിൻ്റെ പവിത്രത ഭേദിച്ച്, അരുംകൊലകൾക്ക് സമൂഹം സാക്ഷിയാകേണ്ടി വരുന്ന കാഴ്ചകളുടെ നൊമ്പരങ്ങളിൽ നിന്നാണ് പറവൂർ ഗവ.സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥികൂടിയായ ഗായതി 18 മിനിട്ട് നീളുന്ന പ്രണയാന്ധത്തിൻ്റെ കഥയും തിരക്കഥയും നെയ്തെടുത്തത്. ക്യാമ്പസ് പ്രണയത്തിൻ്റെ പേരിൽ കാമുകൻ വിദ്യാർത്ഥിനിയെ കഴുത്തറുത്ത് കൊന്നത് ഇതിവൃത്തമാക്കിയാണ് ഗായതി ക്യാമറയ്ക്കു പിന്നിൽ ആക്ഷനും കട്ടും പറഞ്ഞത്. സാമൂഹിക തിന്മകൾക്കെതിരായ ചെറുത്തുനിൽപ്പും, സമകാലിക സംഭവങ്ങളിൽ മനംനൊന്ത ഇളം മനസിൻ്റെ നൊമ്പരങ്ങളുമാണ് ഗായതി വരച്ചുകാട്ടുന്നതെന്ന് ചിത്രത്തിൻ്റെ പ്രദർശ നോദ്ഘാടനം നിർവ്വഹിച്ച എച്ച്. സലാം എം. എൽ. എ പറഞ്ഞു. ഏറെ ആഴത്തിലുള്ള പഠനവും അതിൽ നിന്ന് രൂപം കൊണ്ട ഉൽപ്പന്നവുമാണ് പ്രണയാന്ധമെന്നും, ഇരുത്തംവന്ന ഒരു ചലച്ചിത്രകാരിയുടെ മെയ് വഴക്കമാണ് ഗായതി ചിത്രമൊരുക്കിയിട്ടുള്ളതെന്നും യുട്യൂബ് റിലീസ് ഉദ്ഘാടനം ചെയ്ത തിരക്കഥാകൃത്ത് അനന്തപത്മനാഭൻ പറഞ്ഞു. പറവൂർ പബ്ലിക് ലൈബ്രറിയാണ് പ്രദർശനമൊരുക്കിയത്. പ്രസിഡൻ്റ് വി. കെ. വിശ്വനാഥൻ അധ്യക്ഷനായി. കെ. ബി. അജയകുമാർ ആ മുഖാവതരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.ഷീബാ രാകേഷ്, ജില്ലാ പഞ്ചായത്തംഗം ഗീതാ ബാബു, പുന്നപ്ര വടക്ക് പഞ്ചായത്ത് പ്രസിഡൻറ് സജിത സതീശൻ, അംഗങ്ങളായ ആർ .വിനോദ് കുമാർ, ജയലേഖ, അജിത ശശി എന്നിവർ പങ്കെടുത്തു. പ്രണയത്തിൻ്റെ സാമൂഹ്യപാഠങ്ങൾ എന്ന വിഷയത്തിൽ നടത്തിയ സംവാദത്തിൽ എസ്. എ. ഋതു വിഷയാവതരണം നടത്തി. ലൈബ്രറി സെക്രട്ടറി ഒ .ഷാജഹാൻ സ്വാഗതം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button