ഷെയർചാറ്റിൽ വീഡിയോ കണ്ട് സ്ക്രീൻഷോട്ട് അയച്ചാൽ പണമുണ്ടാക്കാം…തട്ടിയത് 12 ലക്ഷം..

ഷെയർചാറ്റിൽ വീഡിയോ കണ്ടാൽ വരുമാനം ലഭിക്കുമെന്ന് പറഞ്ഞ് 12 ലക്ഷം രൂപ യുവാവിൽ നിന്ന് തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റിൽ. ആലപ്പുഴ സ്വദേശി മഹേഷ് മണിയനാണ് (28) അറസ്റ്റിലായത്. ഷെയർചാറ്റ് വീഡിയോ കണ്ട് സ്ക്രീൻഷോട്ട് അയച്ചുകൊടുത്താൽ വരുമാനമുണ്ടാക്കാമെന്ന് പറഞ്ഞാണ് ഇയാൾ യുവാവിൽ നിന്ന് 12,19,260 രൂപ തട്ടിയെടുത്തത്. പ്രതി മുമ്പ് ജോലിചെയ്തിരുന്ന ഡൽഹിയിൽവച്ച് എടുത്ത ബാങ്ക് അക്കക്കൗണ്ടിലേക്കും പേടിഎം അക്കൗണ്ടിലേക്കുമാണ് ഇയാൾ പണം വാങ്ങിയത്. പിന്നീട് ചെക്ക് വഴി പണം പിൻവലിക്കുക‌യിരുന്നു പതിവ്.മണ്ണാർക്കാട് സ്വദേശിയായ സ്വകാര്യകമ്പനി ജീവനക്കാരൻറെ പരാതിയിൽ സൈബർ തട്ടിപ്പിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയ പാലക്കാട് സൈബർക്രൈം പണം എത്തിയ വഴികൾ പിൻതുടർന്നാണ് സ്വകാര്യബാങ്കിന്റെ ഡൽഹി ബ്രാഞ്ച് കീഴിലുള്ള അക്കൗണ്ട് ഉടമയായ ആലപ്പുഴ സ്വദേശിയിലേക്ക് ചെന്നെത്തിയത്.
പാലക്കാട് ജില്ലാ പൊലീസ് മേധാവി ആർ. ആനന്ദിന്റെ ഡിവൈഎസ്പി രാജേഷിന്റെ മേൽനോട്ടത്തിൽ പാലക്കാട് സൈബർ ക്രൈം പോലീസ് ഇൻസ്പെക്ടർ അനൂപ് മോൻ എസ്‍സിപിഒ കെ ഉല്ലാസ്‌കുമാർ, സിപിഒമാരായ ഷിഹാബുദ്ദീൻ, ഉല്ലാസ്, ശ്രീജിത്ത് എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതി കളക്ഷൻ ഏജൻറ് ആയി ജോലി ചെയ്യുന്ന കരുനാഗപ്പള്ളിയിൽ നിന്നായിരുന്നു കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്തത്. സൈബർ തട്ടിപ്പിനിരയായാൽ ഉടൻ തന്നെ ടോൾഫ്രീ നമ്പറായ 1930 –ൽ വിളിക്കുകയോ www.cybercrime.gov.in എന്ന വെബ്സൈറ്റിലോ പരാതി ഉടൻതന്നെ രജിസ്റ്റർ ചെയ്യുകയോ വേണമെന്ന് പൊലീസ് അറിയിച്ചു.

Related Articles

Back to top button