ഷാരോൺ രാജ് ഗ്രീഷ്മയെ താലിക്കെട്ടിയ ദിവസത്തെ ദൃശ്യങ്ങൾ പുറത്ത്….
പാറശാലയിൽ കൊല്ലപ്പെട്ട ഷാരോൺ രാജും പ്രതി ഗ്രീഷ്മയും താലിക്കെട്ടിയ ദിവസത്തെ ദൃശ്യങ്ങൾ പുറത്ത് വന്നു. ‘ഇന്ന് നമ്മുടെ കല്യാണം’ എന്ന് ഷാരോൺ പറയുന്നത് വിഡിയോയിൽ കേൾക്കാം.ഷാരോൺ രാജിനെ ഒഴിവാക്കാൻ ഗ്രീഷ്മ കള്ളം പറഞ്ഞിരുന്നു. തനിക്ക് ആദ്യ ഭർത്താവ് വാഴില്ലെന്നായിരുന്നു ഗ്രീഷ്മ പറഞ്ഞത്. എന്നാൽ അങ്ങനെയെങ്കിൽ അത് താനാകട്ടെ എന്ന് പറഞ്ഞ് ഗ്രീഷ്മയുടെ വീട്ടിലേക്ക് ഷാരോൺ എത്തുകയും താലികെട്ടുകയുമായിരുന്നുവെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.ഷാരോൺ രാജിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതി ഗ്രീഷ്മയുടെ മൊഴിയിലെ വിവരങ്ങൾ പുറത്ത് വന്നിരുന്നു. ഷാരോണിന്റെ കൊലപാതകത്തിലേക്ക് നയിച്ചത് വൈരാഗ്യമാണെന്നാണ് ഗ്രീഷ്മ മൊഴി നൽകിയിരിക്കുന്നത്. ഗ്രീഷ്മയുടെ ചില സ്വകാര്യ ചിത്രങ്ങളും ദ്യശ്യങ്ങളും ഷാരോണിന്റെ പക്കലുണ്ടായിരുന്നു. പല പ്രാവശ്യം ആവശ്യപ്പെട്ടിട്ടും വിഡിയോയും ഫോട്ടോയും ഷാരോൺ ഗ്രീഷ്മയ്ക്ക് നൽകിയില്ല, ഡിലീറ്റ് ചെയ്തതുമില്ല. ഷാരോൺ ഇത് പ്രതിശ്രുത വരന് കൈമാറുമെന്ന് ഗ്രീഷ്മ ഭയന്നിരുന്നു. ഗ്രീഷ്മ പലതവണ ആത്മഹത്യ ഭീഷണി മുഴക്കിയിട്ടും ഷാരോൺ വഴങ്ങിയിരുന്നില്ല. ഈ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് ഗ്രീഷ്മയുടെ മൊഴി.കൊലപാതകം ഒളിപ്പിക്കാനും നീക്കം നടത്തിയതായി ഗ്രീഷ്മ പൊലീസിനോട് പറഞ്ഞു. ഷാരോണിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച വിഷകുപ്പി പറമ്പിൽ ഉപേക്ഷിച്ചുവെന്നും, പെരുമാറ്റത്തിൽ ശ്രദ്ധ പുലർത്തിയെന്നും ഗ്രീഷ്മ വ്യക്തമാക്കി. പോലീസിൽ നിന്ന് രക്ഷപെടാൻ പരമാവധി ശ്രമിച്ചു. ചോദ്യം ചെയ്യൽ നേരിടാൻ ഗൂഗിളിൽ തിരഞ്ഞെന്നും ഗ്രീഷ്മ മൊഴി നൽകി.