വീട് പുതുക്കി പണിയുന്നതിനിടയിൽ യുവതിക്ക് കിട്ടിയത്…
പഴയ വീടുകള്‍ പുതുക്കിപ്പണിയുന്നതിനിടെ സ്വര്‍ണ്ണവും പണവും ലഭിച്ച നിരവധി വാര്‍ത്തകള്‍ വന്നിട്ടുണ്ട്. എന്നാല്‍ അതില്‍ നിന്ന് തികച്ചും വ്യത്യസ്തമായ മറ്റൊന്നാണ് വീട് പുതുക്കി പണിയുന്നതിനിടയിൽ ഒരു സ്ത്രീക്ക് കിട്ടിയത്. അതും നൂറ് വർഷത്തോളം പഴക്കമുള്ള ചോക്ലേറ്റ് ബോക്സ്.
യുകെയിലെ ഡെവോൺ സ്വദേശിനിയായ എമ്മ യംഗ് എന്ന 51 കാരിയായ സ്ത്രീക്കാണ് ഈ പുരാതന ചോക്ലേറ്റ് പെട്ടി കിട്ടിയത്. വീടിന്റെ ശുചിമുറിയുടെ തറ നവീകരിക്കുന്നതിനിടയിലാണ് ചോക്ലേറ്റ് ബോക്സ് കണ്ടെത്തിയത്. തറയിലെ മണ്ണ് നീക്കം ചെയ്യുന്നതിനിടയിലാണ് കാഡ്ബറിയുടെ പർപ്പിൾ നിറത്തിലുള്ള ദീർഘ ചതുരാകൃതിയോട് കൂടിയ ഒരു കാർബോർഡ് ബോക്സ് എമ്മയുടെ ശ്രദ്ധയിൽപ്പെട്ടത്. ബോക്സ് പുറത്തെടുത്ത് നോക്കിയപ്പോൾ അതിനുള്ളിൽ ചോക്ലേറ്റ് ഉണ്ടായിരുന്നില്ല. എന്നാല്‍ കൗതുകം തോന്നിയ എമ്മ അതേക്കുറിച്ച് കൂടുതൽ അറിയുന്നതിനായി കാഡ്ബറി ചോക്ലേറ്റ് കമ്പനി അധികൃതരെ സമീപിച്ചു. അപ്പോഴാണ് 1930-1934 കാലഘട്ടത്തിൽ പുറത്തിറക്കിയ ചോക്ലേറ്റിന്റെ കവറുകളാണ് അതെന്ന് തിരിച്ചറിഞ്ഞത്. അങ്ങനെ നോക്കുമ്പോൾ ഈ ചോക്ലേറ്റ് കവറിന് ഏകദേശം 90 വർഷത്തിലധികം പഴക്കമുണ്ട്.
ഇത്രയേറെ വർഷങ്ങളുടെ പഴക്കമുണ്ടെങ്കിലും കവറിന് പ്രത്യേകിച്ച് കേടുപാടുകൾ ഒന്നും സംഭവിച്ചിട്ടില്ലെന്നാണ് ഇവർ പറയുന്നത്. ‘കാഡ്ബറീസ് ഡയറി മിൽക്ക് ചോക്ലേറ്റ് നെപ്പോളിറ്റൻ’ എന്നും ‘ഇംഗ്ലണ്ടിലെ ബോൺവില്ലെ ഗാർഡൻ വില്ലേജിൽ നിർമ്മിച്ചത്’ എന്നും കവറിൽ പ്രിന്റ് ചെയ്തിട്ടുണ്ട്. ചോക്ലേറ്റ് പ്രിയയായ തനിക്ക് കിട്ടിയ ഒരു വലിയ നിധിയാണ് ഇതെന്നാണ് എമ്മ പറയുന്നത്. ഏതായാലും ചോക്ലേറ്റിന്റെ കവർ ഭദ്രമായി സൂക്ഷിക്കാൻ തന്നെയാണ് എമ്മയുടെ തീരുമാനം. 16 സെൻറീമീറ്റർ നീളമാണ് ഈ കവറിനുള്ളത്. കവർ ഫ്രെയിം ചെയ്ത് താല്പര്യമുള്ളവർക്കായി പ്രദർശിപ്പിക്കാനാണ് എമ്മയുടെ തീരുമാനം.
ഇതിനോട് ചോക്ലേറ്റ് കമ്പനി വക്താക്കൾ പ്രതികരിച്ചത് താങ്കൾക്ക് സമ്പന്നമായ ഒരു പൈതൃകം ഉണ്ടെന്നും ഏകദേശം 200 നൂറ് വർഷമായി ബ്രിട്ടീഷ് സംസ്കാരത്തിന്റെയും പൈതൃകത്തിന്റെയും ഭാഗമാണ് തങ്ങളൊന്നുമായിരുന്നു. 1930 കളിൽ ഡയറി മിൽക്ക് നെപ്പോളിയൻ ചോക്ലേറ്റിന് ആളുകൾക്കിടയിൽ വലിയ പ്രചാരം ലഭിച്ചിരുന്നുവെന്നും അതിന്റെ ഓർമ്മപ്പെടുത്തലായി ഇപ്പോൾ ഈ കവർ ലഭിച്ചതിൽ തങ്ങൾക്ക് സന്തോഷമുണ്ടെന്നും കമ്പനി വെളിപ്പെടുത്തി. ഇംഗ്ലണ്ടിലെ ബര്‍മിംഗ്ഹാമില്‍ 1905 ലാണ് കാഡ്ബറിയുടെ ഉടമസ്ഥതയില്‍ ഡയറിമില്‍ക് ചോക്ലേറ്റ് ഫാക്ടറി ആരംഭിക്കുന്നത്.