വീട്ട് ജോലിക്കെത്തും..തിരികെ പോകുമ്പോൾ വീട്ടുകാരുടെ വിലപിടിപ്പുള്ളവ നഷ്ടമാകും…യുവതികളെ വലയിലാക്കി വീട്ടുടമ…
കുമ്പളയില്‍ വീട്ടുജോലിക്കാരികളുടെ മോഷണം കൈയോടെ പൊക്കി വീട്ടുടമ. ഐ ഫോണും സ്വര്‍ണ്ണാഭരണവും മോഷ്ടിച്ച യുവതികളെയാണ് വീട്ടുകാര്‍ തടഞ്ഞ് വച്ച് കുമ്പള പൊലീസില്‍ ഏൽപിച്ചത്. കുമ്പള കയ്യാറില്‍ താമസിക്കുന്ന പത്തനംതിട്ട സ്വദേശികളായ ബ്ലസി, ജാന്‍സി എന്നീ യുവതികളെയാണ് കുമ്പള പൊലീസ് അറസ്റ്റ് ചെയ്തത്. കുബണൂര്‍ ബിസി റോഡിലെ റഹ്മത്ത് മന്‍സിലില്‍ നിന്ന് ഐ ഫോണ്‍, മുന്നേമുക്കാല്‍ പവൻ സ്വര്‍ണ്ണാഭരണം, സ്മാര്‍ട്ട് വാച്ച് എന്നിവ മോഷ്ടിച്ച കേസിലാണ് അറസ്റ്റ്.
വീടുകളില്‍ ആവശ്യാനുസരണം എത്തി ക്ലീനിംഗ് ജോലികള്‍ ചെയ്ത് കൊടുക്കുന്നവരാണ് യുവതികള്‍. ഒരു മാസം മുമ്പാണ് ഇരുവരും കുബണൂരിലെ സൈനുദ്ദീന്റെ വീട്ടില്‍ ആദ്യമായി ക്ലീനിംഗ് ജോലിക്ക് എത്തിയത്. അന്നാണ് അവിടെ നിന്ന് ഒരു ഐ ഫോൺ മോഷണം പോയത്. മറ്റെവിടെയങ്കിലും നഷ്ടപ്പെട്ടതാണെന്ന് കരുതി വീട്ടുകാർ പരാതി നല്‍കിയിരുന്നില്ല.
കഴിഞ്ഞ മാസം 24, 25 തീയതികളിലും ഇരുവരും വീണ്ടും വീട്ടുജോലിക്കെത്തി. അന്ന് കിടപ്പുമുറിയിലെ ബാഗില്‍ സൂക്ഷിച്ചിരുന്ന മൂന്നേമുക്കാൽ പവര്ൻ സ്വര്‍ണ്ണാഭരണവും സ്മാര്‍ട്ട് വാച്ചും കാണാതായി. ജോലി കഴിഞ്ഞ് ഇവര്‍ തിരികെ പോയതിന് ശേഷമാണ് ഇക്കാര്യം വ്യക്തമായത്. ഇത്തവണ മോഷണം സംബന്ധിച്ച് സൈനുദ്ദീന്‍ പൊലീസില്‍ പരാതിയും നല്കി.
മോഷണത്തിന് പിന്നില്‍ യുവതികളാണെന്ന് സംശയം ബലപ്പെട്ടതിനെ തുടര്‍ന്നാണ് ജോലിയുണ്ടെന്ന പറഞ്ഞ് ഇവരെ വീണ്ടും വിളിച്ചു വരുത്തിയത്. തുടര്‍ന്ന് ചോദ്യം ചോദിച്ചപ്പോൾ തങ്ങളാണ് മോഷ്ടിച്ചതെന്ന കാര്യം ഇരുവരും സമ്മതിച്ചു. ഇതോടെ പൊലീസില്‍ അറിയിച്ചു. കുമ്പള പൊലീസ് എത്തി അറസ്റ്റ് രേഖപ്പെടുത്തി. മോഷ്ടിച്ച മൊബൈൽ ഫോണ്‍ ഇവരിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ഇവര്‍ വേറേയും വീടുകളിൽ നിന്ന് ഇത്തരത്തില്‍ മോഷണം നടത്തിയിട്ടുണ്ടോ എന്നുള്ള അന്വേഷണത്തിലാണ് കുമ്പള പൊലീസ്.