വിസ്മയയ്ക്ക് നീതി.. കേസിൽ കിരൺ കുമാർ കുറ്റക്കാരൻ…

വിസ്മയ കേസിൽ കിരൺ കുമാർ കുറ്റക്കാരനെന്ന് കോടതി. ഇതോടെ കിരണിന്റെ ജാമ്യം കോടതി റദാക്കി. കൊല്ലം അഡീഷണൽ സെക്ഷൻസ് കോടതിയാണ് വിധി പറഞ്ഞത്. 306, 498, 498 A വകുപ്പുകൾ പ്രകാരം കുറ്റക്കാരനെന്നാണ് കോടതി കണ്ടെത്തിയത്. ശിക്ഷാ വിധി നാളെ പുറപ്പെടുവിക്കും.

2019 മെയ് 31 നായിരുന്നു വിസ്മയയും കിരണും തമ്മിലുള്ള വിവാഹം. തൊട്ടടുത്ത വർഷം തന്നെ ഭർതൃപീഡനം സഹിക്കവയ്യാതെ ആത്മഹത്യ. വിസ്മയയുടേത് കൊലപാതകമാണെന്ന് ആരോപിച്ച് 2021 ജൂൺ 22 ന് കുടുംബം രംഗത്ത് വന്നു. തുടർന്ന് വിസ്മയയുടെ ഭർത്താവ് അസിസ്റ്റൻ മോട്ടർ വെഹിക്കിൾ ഇൻസ്‌പെക്ടർ എസ്.കിരൺകുമാറിനെ ജൂൺ 22ന് അറസ്റ്റ് ചെയ്തു. വിസ്മയയുടെ അച്ഛനും സഹോദരനും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ആദ്യം സർവീസിൽ നിന്നു സസ്‌പെൻഡ് ചെയ്യുകയും പിന്നീട് പിരിച്ചുവിടുകയും ചെയ്തു.

ജൂൺ 25 വിസ്മയയുടേത് തൂങ്ങിമരണം ആണെന്ന റിപ്പോർട്ട് പുറത്ത് വന്നു. 2021 സെപ്റ്റംബർ 10ന് അന്വേഷണ സംഘം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. വിസ്മയയുടേത് സ്ത്രീധന പീഡനത്തെ തുടർന്നുള്ള ആത്മഹത്യയെന്നാണ് കുറ്റപത്രം പറയുന്നത്. ഗാർഹിക പീഡനം, സ്ത്രീധന പീഡനം, ആത്മഹത്യ പ്രേരണയടക്കം ഒൻപത് വകുപ്പുകൾ ചുമത്തിയാണ് കുറ്റപത്രം നൽകിയിരിക്കുന്നത്. 500 പേജുള്ള കുറ്റപത്രമാണ് കോടതിയിൽ സമർപ്പിച്ചത്. 102 സാക്ഷികളുണ്ട്, 92 റെക്കോർഡുകളും 56 തൊണ്ടിമുതലുകളുമാണ് കേസിലുള്ളത്. ഭർത്താവ് കിരൺകുമാറാണ് കേസിലെ ഏക പ്രതി.

2022 ജനുവരി 10ന് കേസിൽ വിചാരണ ആരംഭിച്ചു. ജനുവരി പത്തിനാണ് കേസിൻറെ വിചാരണ ആരംഭിച്ചത്. കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് വിസ്മയയെ നിരന്തരം ഉപദ്രവിക്കുമായിരുന്നുവെന്ന് കോടതിക്ക് മുന്നിൽ പ്രോസിക്യൂഷൻ തെളിവ് നിരത്തി വാദിച്ചു. ഇതിനായി വിസ്മയ അമ്മയ്ക്കും കൂട്ടുകാരിക്കും കിരണിൻറെ സഹോദരിക്കും അയച്ച വാട്ട്‌സ് ആപ്പ് സന്ദേശങ്ങളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി 42 സാക്ഷികളും 120 രേഖകളും ഫോണുകൾ ഉൾപ്പടെ 12 തൊണ്ടിമുതലുകളും കോടതിയിൽ ഹാജരാക്കി. എന്നാൽ ഫോൺ സംഭാഷണങ്ങളും സന്ദേശങ്ങളും തെളിവായി എടുക്കാൻ കഴിയില്ല എന്നായിരുന്നു പ്രതിഭാഗത്തിൻറെ വാദം.

Related Articles

Back to top button