വിസിൽ മുഴങ്ങുന്നു; വീണ്ടും ഫുട്ബോൾ ആരവം : സ്പാനിഷ് ലീഗിന് നാളെ കിക്കോഫ്
ഒളിമ്പിക്സ് ആരവങ്ങൾ അവസാനിച്ചു. ചെറിയ ഇടവേളയ്ക്കുശേഷം ഫുട്ബോൾ ആവേശം തിരിച്ചെത്തുന്നു. യൂറോപ്പിൽ പന്തുരുളാൻ ദിവസങ്ങൾ മാത്രം. പ്രധാന അഞ്ച് ലീഗുകൾക്കും ഈ വാരം തുടക്കമാകും. സ്പാനിഷ് ലീഗാണ് ആദ്യം. നാളെയാണ് കിക്കോഫ്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് വെള്ളിയാഴ്ചയാണ്. ഇറ്റാലിയൻ ലീഗും ഫ്രഞ്ച് ലീഗും ശനിയാഴ്ച ആരംഭിക്കും. ജർമനിയിൽ 23നാണ് വിസിൽ മുഴങ്ങുക. യൂറോ കപ്പും കോപ അമേരിക്കയും കഴിഞ്ഞുള്ള ഒരുമാസത്തെ വിശ്രമത്തിനുശേഷമാണ് താരങ്ങൾ കളത്തിലെത്തുന്നത്. അടുത്തവർഷം മേയിലാണ് സീസൺ അവസാനിക്കുന്നത്.
സ്പെയ്നിൽ അത്ലറ്റിക് ക്ലബ്ബും ഗെറ്റഫെയും തമ്മിലാണ് ഉദ്ഘാടന മത്സരം. നാളെ രാത്രി പത്തരയ്ക്ക്. നിലവിലെ ചാമ്പ്യൻമാരായ റയൽ മാഡ്രിഡ് 18ന് മയ്യോർക്കയെ നേരിടും. ബാഴ്സലോണയ്ക്ക് 17ന് വലെൻസിയയാണ് എതിരാളി. കിലിയൻ എംബാപ്പെയുടെ വരവാണ് റയലിനുള്ള പ്രധാന മാറ്റം. ഫ്രഞ്ച് ലീഗിൽ പിഎസ്ജിക്കായി ഗോളടിച്ചുകൂട്ടിയ ഇരുപത്തഞ്ചുകാരന് റയൽ കുപ്പായത്തിലും ഇതാവർത്തിക്കാനുള്ള ഒരുക്കത്തിലാണ്. ബ്രസീലിൽനിന്ന് കൗമാരക്കാരൻ എൻഡ്രിക്കും ഈ സീസണിൽ റയലിനായി ബൂട്ടുകെട്ടും. നിലവിലെ ചാമ്പ്യൻസ് ലീഗ് ജേതാക്കൾകൂടിയായ ടീം മികവ് തുടരാനാണ് വരവ്. കാർലോ ആസെലോട്ടിയാണ് പരിശീലകൻ. ഹാൻസി ഫ്ലിക് എന്ന ജർമൻ കോച്ചിനുകീഴിലാണ് ബാഴ്സ ഇത്തവണ എത്തുന്നത്