വിശാൽ വധക്കേസ് : പ്രതികൾ കൂടിയാലോചന നടത്തുന്നത് കണ്ടെന്ന് സാക്ഷി
മാവേലിക്കര- വിശാൽ വധക്കേസിൽ പ്രതികൾ കൂടിയാലോചന നടത്തുന്നത് കണ്ടെന്ന് സാക്ഷി മൊഴി. വിശാലിനെ ആക്രമിച്ചതിന്റെ തലേദിവസം രാത്രി ഒന്നാം പ്രതി നാസിമും വിശാലിനെ കുത്തിയ ഷഫീക്കും ഉൾപ്പെടെയുള്ള പ്രതികൾ പന്തളം മുട്ടാറിന് സമീപം ഒന്നാം പ്രതിയുടെ വീട്ടുമുറ്റത്ത് കൂടിനിന്ന് ആലോചിക്കുന്നത് കണ്ടതായി പന്തളം സ്വദേശിയായ ഗോപിനാഥൻ നായർ മാവേലിക്കര അഡീഷണൽ സെഷൻസ് കോടതി ജഡ്ജി പി.പി.പൂജ മുമ്പാകെ മൊഴി നൽകി.സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ.പ്രതാപ്.ജി പടിക്കലിന്റെ ചീഫ് വിസ്താര വേളയിൽ കോളേജിൽ നടന്ന സംഘർഷത്തിൽ വിശാൽ ഉൾപ്പെടെയുള്ളവർക്ക് പരിക്ക് പറ്റിയ സംഗതിയും താൻ അറിഞ്ഞുവെന്നും എൽ.ഐ.സി ഏജൻ്റായ താൻ ബിസിനസ് ആവശ്യകതയിലേക്കായുള്ള യാത്രയിലാണ് പ്രതികളെ കണ്ടതെന്നും കോടതിയിൽ വ്യക്തമാക്കി. പ്രതികളായ നാസിം, ആസിഫ്, ഷെഫീഖ് തുടങ്ങിയവരെ സാക്ഷി കോടതിയിൽ തിരിച്ചറിഞ്ഞു.2012 ജൂലൈ 15 ന് ഒന്നാം പ്രതിയുടെ വീട്ടിൽ രാത്രി ഒന്നിച്ച് കൂടിയ പ്രതികൾ വിശാൽ ഉൾപ്പെടെയുള്ളവരെ ആക്രമിക്കുന്നതിനായുള്ള തീരുമാനങ്ങൾ എടുത്തിരുന്നു എന്നാണ് പ്രോസിക്യൂഷൻ കേസ്. കേസിൽ പ്രോസിക്യൂഷന് വേണ്ടി അഡ്വ.പ്രതാപ് ജി.പടിക്കലിനോടൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശില്പ ശിവൻ, ഹരീഷ് കാട്ടൂർ എന്നിവരാണ് ഹാജരാകുന്നത്.