വിവാഹ മോതിരം ടോയ്‌ലെറ്റിൽ പോയി.. സെപ്റ്റിക് ടാങ്കിൽ ഇറങ്ങി പരതിയിട്ടും കിട്ടിയില്ല… ഒടുവിൽ….
പ്രധാനപ്പെട്ട എന്തെങ്കിലും വസ്തു ടോയ്‌ലെറ്റിൽ കളഞ്ഞുപോയാൽ പിന്നെ തിരികെ കിട്ടുകയെന്നത് അസംഭവ്യമാണ്. ടാങ്ക് ക്ലീൻ ചെയ്യാതെ നഷ്ടപ്പെട്ട വസ്തു കിട്ടുകയില്ല. ചിലപ്പോൾ ടാങ്ക് പരതി നോക്കിയാലും കിട്ടണമെന്നില്ല. എന്നാൽ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്ന ദമ്പതികളുടെ കഥ അൽപം അവിശ്വസനീയമാണ്.
വർഷങ്ങൾക്ക് മുമ്പായിരുന്നു ദമ്പതികളുടെ വിവാഹ നിശ്ചയ മോതിരം വീട്ടിലെ കക്കൂസിൽ നഷ്ടപ്പെട്ടത്. ഭാര്യക്ക് ഭർത്താവ് അണിയിച്ച വജ്ര മോതിരം ടോയ്‌ലെറ്റിൽ വീഴുകയും അറിയാതെ ഫ്‌ളഷ് ചെയ്ത് കളയുകയുമായിരുന്നു. മോതിരം നഷ്ടപ്പെട്ട വിവരം ഭർത്താവിനെ അറിയിച്ചപ്പോൾ അദ്ദേഹം സെപ്റ്റിക് ടാങ്കിൽ ഇറങ്ങി തപ്പിയെടുക്കാനായിരുന്നു തീരുമാനിച്ചത്. സെപ്റ്റിക് ടാങ്കിലിറങ്ങിയ ഭർത്താവ് ഏറെ പ്രയാസപ്പെട്ട് തിരച്ചിൽ നടത്തിയെങ്കിലും മോതിരം കണ്ടെത്താനായില്ല. എന്നാൽ രണ്ട് ദശാബ്ദങ്ങൾക്ക് ശേഷം അതേ മോതിരം അവരെ തേടിയെത്തി.
ഭർത്താവ് നിക്കിന്റെ അമ്മ റെനീ വീട്ടിലേക്ക് ഒരു പ്ലംബറെ വിളിച്ചു. ടോയ്‌ലെറ്റ് മാറ്റിവയ്‌ക്കാനായിരുന്നു പ്ലംബറുടെ സഹായം തേടിയത്. അദ്ദേഹം ഇത് ചെയ്യുന്നതിനിടെ നഷ്ടപ്പെട്ട വജ്രമോതിരം ലഭിക്കുകയായിരുന്നു. മോതിരം കണ്ട റെനീ ശരിക്കും അതിശയിച്ചു പോയി. സൂക്ഷിച്ച് നോക്കിയപ്പോൾ അത് ഷൈനയുടെ മോതിരമാണെന്ന് തിരിച്ചറിയുകയും ചെയ്തു. ഇതിന് ശേഷം ദമ്പതികൾക്ക് ക്രിസ്തുമസ് ഗിഫ്റ്റായി അവർ മോതിരം നൽകി. 21 വർഷങ്ങൾക്ക് ശേഷം നഷ്ടപ്പെട്ട മോതിരം അപ്രതീക്ഷിതമായി തിരികെ ലഭിച്ചപ്പോൾ പറഞ്ഞറിയിക്കാനാകാത്ത സന്തോഷമായിരുന്നു ദമ്പതികൾക്ക്. വരും തലമുറകൾക്ക് മോതിരം കൈമാറാനാണ് ഉദ്ദേശ്യമെന്ന് ദമ്പതികളായ നിക്കും ഷൈനയും അറിയിച്ചു.