വിമാനത്താവളത്തിന് നേരെ ബോംബ് ഭീഷണി..2 യാത്രക്കാർ പിടിയിൽ…
വിമാനത്താവളത്തിൽ ബോംബ് ഭീഷണി മുഴക്കിയ രണ്ടുയാത്രക്കാർ അറസ്റ്റിൽ. പരിശോധനയ്ക്കിടെ സുരക്ഷാ ഉദ്യോഗസ്ഥരോട് ന്യൂക്ലിയർ ബോംബ് കൈയ്യിലുണ്ടെന്ന് ഭീഷണി മുഴക്കിയ ഗുജറാത്ത് രാജ്‌കോട്ട് സ്വദേശികളായ ജിഗ്നേഷ് മലാനി, കശ്യപ് കുമാർ ലലാനി എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം നടന്നത് .
വിമാനത്താവളത്തിലെ പരിശോധനയ്ക്കിടെ ഇവർ സെക്യൂരിറ്റി ഉദ്യോഗസ്ഥരോട് തട്ടി കയറുകയും മോശമായി പെരുമാറുകയുമായിരുന്നു . കൂടാതെ പരിശോധനയ്ക്കിടെ തങ്ങളുടെ കയ്യിൽ ന്യൂക്ലിയർ ബോംബ് ഉണ്ടെന്ന് പ്രതികൾ പറയുകയുമായിരുന്നു . തുടർന്ന് യാത്രക്കാരുടെ സുരക്ഷാ കണക്കിലെടുത്ത് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു .ഐ.പി.സി സെഷൻ 182, 505 (1) (ബി) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. അറസ്റ്റിലായ ജിഗ്നേഷും കശ്യപും നിർമാണ മേഖലയിൽ കോൺട്രാക്ടർമാരായി ജോലി ചെയ്യുകയാണ്. രണ്ടുപേരെയും ജാമ്യത്തിൽ വിട്ടയച്ചു.