വാതിൽ കത്തിച്ച് മോഷ്ടാവ് അകത്തുകയറി…വയോധികയുടെ ധീരമായ ചെറുത്തു നിൽപ്പ്… ഒടുവിൽ പ്രതി പിടിയിൽ…
മാവേലിക്കര- കരിപ്പുഴയിൽ ഇന്ന് വെളുപ്പിനെ 3.45ന് വയോധിക ഒറ്റക്ക് താമസിക്കുന്ന വീട്ടിൽ അടുക്കള വാതിൽ കത്തിച്ച് അകത്തു കടന്ന മോഷ്ടാവ് കവർച്ച നടത്താൻ ശ്രമിച്ചു. വീട്ടിലെ താമസ്സക്കാരിയായ വയോധികയുടെ ധീരമായ ചെറുത്തു നിൽപ്പിൽ ശ്രമം ഉപേക്ഷിച്ച് മോഷ്ടാവ് കടന്നുകളഞ്ഞു.
കരിപ്പുഴ കാരനാട്ട് വടക്കതിൽ വീടിന്റെ അടുക്കളയുടെ വർക്ക് ഏരിയായുടെ തടിയിൽ നിർമ്മിച്ച കതക് തീ കത്തിച്ച് കരിച്ച് വിടവുണ്ടാക്കി അകത്ത് കടന്ന മോഷ്ടാവ് വീട്ടിനുള്ളിൽ മുഴുവൻ തിരച്ചിൽ നടത്തി. അലമാര തുറക്കാൻ ശ്രമിച്ച് പരാജയപ്പെട്ടതിനെ തുടർന്ന് അടുക്കളയോട് ചേർന്ന മുറിയിൽ ഉറങ്ങുകയായിരുന്ന വീട്ടുടമയായ വയോധികയുടെ സഹായിയായ 85 കാരിയുടെ കഴുത്തിൽ കുത്തിപ്പിടിച്ച് മാല പൊട്ടിക്കാൻ ശ്രമിച്ചു. അവരുടെ കരച്ചിൽ കേട്ട് അടുത്ത മുറിയിൽ ഉറങ്ങുകയായിരുന്ന വീട്ടുടമ എഴുനേറ്റ് ലൈറ്റുകൾ ഇട്ടു. മോഷ്ടാവിനെ കണ്ട വീട്ടുടമസ്ഥ ഉച്ചത്തിൽ ബഹളമുണ്ടാക്കിയും ഫോൺ ചെയ്തും അയൽവാസികളെ ഉണർത്തി. കൂടാതെ പൊലീസ് സ്റ്റേഷനിലേക്ക് ഫോൺ ചെയ്ത് വിവരം അറിയിക്കുകയും ചെയ്തു.
ഇതോടെ ശ്രമം ഉപേക്ഷിച്ച് മോഷ്ടാവ് അടുക്കള വാതിൽ വഴി ഓടി രക്ഷപെട്ടു. പൊലീസും നാട്ടുകാരും ചേർന്ന് തിരഞ്ഞെങ്കിലും മോഷ്ടാവിനെ കണ്ടെത്തിയിരുന്നില്ല. വീട്ടുടമസ്ഥയും സഹായിയായ വൃദ്ധയും മോഷ്ടാവിനെ മുൻപ് കണ്ടിട്ടുള്ള സംശയം പ്രകടിപ്പിച്ചു. ഇരുവരും നൽകിയ സൂചനകൾ കേന്ദ്രീകരിച്ചും മോഷണം നടന്ന വീട്ടിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നും ലഭിച്ച മോഷ്ടാവിന്റെ ചിത്രങ്ങളുടെ അടിസ്ഥാനത്തിലും മാവേലിക്കര സി.ഐ സി.ശ്രീജിത്തിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ മോഷ്ടാവ് പിടിയിലാകുകയായിരുന്നു. മോഷ്ടാവായ പള്ളിപ്പാട് തെക്കേക്കര കിഴക്ക് മുറി അനന്തു ഭവനത്തിൽ കുട്ടപ്പൻ എന്നു വിളിക്കുന്ന രതീഷ് കുമാർ (49) നെ അറസ്റ്റ് ചെയ്തു. പ്രതിയെ ചോദ്യം ചെയ്തു വരികയാണ്. എസ്.ഐ അലി അക്ബർ.സി.എച്ച്, എസ്.സി.പി.ഒമാരായ വിനോദ് കുമാർ.ആർ, ലിമു മാത്യു, ഹോം ഗാർഡ് സുകേശൻ.എൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.