വളർത്തുനായയെ മയക്കി..ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ മൂന്നരപ്പവന്റെ മാല പൊട്ടിച്ചു…
വിഴിഞ്ഞം: വളർത്തുനായയെ സ്പ്രേ ഉപയോഗിച്ചു മയക്കി മോഷണം. വാതിലിന്റെ അടിഭാഗം കുത്തിപ്പൊളിച്ച് വീടിനകത്തുകയറിയ മോഷ്ടാവ് ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ അഞ്ചുപവന്റെ മാല പൊട്ടിച്ചെടുത്തു.ചാടിയെണീറ്റ വീട്ടമ്മ മാല പിടിച്ചെടുക്കുന്നതിനായി മോഷ്ടാവുമായി മൽപ്പിടിത്തം നടത്തി. ഇതിനിടെ മാലയുടെ മൂന്നരപ്പവൻ വരുന്ന ഭാഗം മോഷ്ടാവ് കൈക്കലാക്കി. ശേഷിച്ച താലിയുൾപ്പെട്ട ഭാഗമാണ് വീട്ടമ്മയുടെ കൈയിൽ കിട്ടിയത്.മേശപ്പുറത്തുണ്ടായിരുന്ന 5000 രൂപ വിലയുള്ള വാച്ചുമെടുത്ത് മോഷ്ടാവ് രക്ഷപ്പെട്ടു.
വെങ്ങാനൂർ ചാവടിനടയ്ക്കടുത്ത് പുല്ലാന്നിമുക്ക് മല്ലികവീട്ടിൽ കോഴിക്കോട് ആർ.ഡി.ഒ. ഓഫീസിലെ സീനിയർ സൂപ്രണ്ടായ സുനീഷിന്റെ ഭാര്യ മെർലിന്റെ(51) മാലയാണ് പൊട്ടിച്ചെടുത്തത്. ഇതേ വീടിന്റെ പരിസരത്തുള്ള രണ്ടു വീടുകളിലും മോഷണശ്രമം നടന്നിരുന്നുവെന്ന് വിഴിഞ്ഞം എസ്.എച്ച്.ഒ. ആർ.പ്രകാശ് പറഞ്ഞു.തുറന്നുവിട്ടിരുന്ന നായയെ വീട്ടുമുറ്റത്ത് മയക്കിയ നിലയിലായിരുന്നു കണ്ടത്. മയങ്ങാനുള്ള എന്തെങ്കിലും സ്പ്രേ നായയുടെ മുഖത്ത് അടിച്ചിട്ടുണ്ടാകുമെന്നാണ് വീട്ടുകാരുടെ സംശയം.