ലക്ഷദ്വീപിലേക്ക് ആദ്യമായി ഒരു സ്വകാര്യ ബാങ്ക്, ചരിത്രം കുറിച്ച് എച്ച്ഡിഎഫ്സി..
ലക്ഷദ്വീപിൽ ആദ്യമായി ഒരു സ്വകാര്യ ബാങ്ക് പ്രവർത്തനം തുടങ്ങി. രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സി ആണ് കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിലെ കവരത്തി ദ്വീപിൽ പുതിയ ശാഖ തുറന്നത്. നാവികസേനയുടെ കമാൻഡിംഗ് ഓഫീസർ ക്യാപ്റ്റൻ ലവ്കേഷ് താക്കൂറും ഡോ. കെ.പി.മുത്തുക്കോയയും ചേർന്ന് പുതിയ ശാഖ ഉദ്ഘാടനം ചെയ്തു. ക്യുആർ അധിഷ്ഠിത ഇടപാടുകൾ ഉൾപ്പെടെയുള്ള ഡിജിറ്റൽ ബാങ്കിംഗ് ഇടപാടുകൾ, വ്യക്തിഗത ബാങ്കിംഗ് എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് വിപുലമായ സേവനങ്ങളാണ് എച്ച്ഡിഎഫ്സി ബാങ്ക് ദ്വീപിലെ ജനങ്ങൾക്കായി ഒരുക്കുന്നത്. ലക്ഷദ്വീപിലെ ബാങ്കിംഗ് അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയാണ് ലക്ഷ്യമിടുന്നതെന്ന് എച്ച്ഡിഎഫ്സി വ്യക്തമാക്കി.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിന് ശേഷം മാലിദ്വീപ് – ഇന്ത്യ നയതന്ത്രബന്ധം വഷളാവുകയും ലക്ഷദ്വീപിലേക്കുള്ള സന്ദർശകരുടെ എണ്ണം വർധിക്കുകയും ചെയ്തിരുന്നു. പുതിയതായി വിമാന സർവീസുകൾ തുടങ്ങിയതും വലിയ റിസോർട്ടുകളുടെ നിർമാണ പദ്ധതികൾക്ക് തുടക്കമിട്ടതും ലക്ഷദ്വീപിലെ വാണിജ്യ സാധ്യതകൾ മെച്ചപ്പെടുത്തിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ കൂടിയാണ് ആദ്യമായി ഒരു സ്വകാര്യ ബാങ്ക് ദ്വീപിലേക്ക് പ്രവർത്തനം വ്യാപിപ്പിച്ചിരിക്കുന്നത്.