യുവതിയെ കൊലപ്പെടുത്തി… അനുഭവിച്ചത് 7 വർഷത്തെ ജയിൽ ശിക്ഷ….പക്ഷേ…..
യുവതിയെ കൊലപ്പെടുത്തിയെന്ന കേസിൽ യുവാവ് അനുഭവിച്ചത് 7 വർഷത്തെ ജയിൽ ശിക്ഷ . എന്നാൽ കൊല്ലപ്പെട്ടെന്ന് കരുതുന്ന യുവതിയെ ഭർത്താവിനും,മക്കൾക്കുമൊപ്പം ആഗ്രയിൽ നിന്ന് കണ്ടെത്തി .അലിഗഡിലാണ് സംഭവം.
2015 ലാണ് അലിഗഡിൽ നിന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കാണാതാകുന്നത് . സംഭവം നടന്ന് ദിവസങ്ങൾക്ക് ശേഷം ഒരു മൃതദേഹം കണ്ടെത്തി. കാണാതായ മകളാണെന്ന് പറഞ്ഞ് കാണാതായ പെൺകുട്ടിയുടെ വീട്ടുകാർ മൃതദേഹം തിരിച്ചറിഞ്ഞിരുന്നു. അയൽ വാസിയായ വിഷ്ണുവാണ് പെൺകുട്ടിയെ കൊലപ്പെടുത്തിയതെന്ന് കുടുംബം പോലീസിൽ പരാതി നൽകി. പെൺകുട്ടിയെ അവസാനമായി വിഷ്ണുവിനോടൊപ്പമാണ് കണ്ടതെന്നും പോലീസിനോട് പറഞ്ഞു. പെൺകുട്ടിയെ കൊലപ്പെടുത്തിയതിനും തെളിവുകൾ ഇല്ലാതാക്കാൻ ശ്രമിച്ചതിനും ഐപിസി 302, 201 വകുപ്പുകൾ പ്രകാരമാണ് വിഷ്ണുവിനെ അറസ്റ്റ് ചെയ്തത്.
2015 ഡിസംബറിലാണ് വിഷ്ണുവിനെതിരെ കുറ്റപത്രം സമർപ്പിച്ചത്.സബ് ഇൻസ്പെക്ടർ ഖാലിദ് ഖാനാണ് കേസ് അന്വേഷിച്ചത് . 2 വർഷത്തോളം ജയിലിൽ കഴിഞ്ഞ വിഷ്ണു ഗൗതമിന് 2017ൽ ജാമ്യം ലഭിച്ചു . എന്നാൽ വിഷ്ണുവിനെ ജയിലിലേക്ക് തിരിച്ചയക്കണമെന്ന് പെൺകുട്ടിയുടെ കുടുംബം കോടതിയോട് അപേക്ഷിച്ചിരുന്നു. കേസിന്റെ വിചാരണ ആരംഭിച്ചതിന് ശേഷം വിഷ്ണുവിനെ ജയിലിലേക്ക് തിരിച്ചയക്കുകയും ചെയ്തു. ഇതിനിടെ, മകന്റെ നിരപരാധിത്വം തെളിയിക്കാനുള്ള തെളിവുകൾ ശേഖരിക്കാനുള്ള ശ്രമത്തിലായിരുന്നു വിഷ്ണുവിന്റെ അമ്മ. ഒരുപാട് തിരഞ്ഞതിന് ശേഷം, കാണാതായ പെൺകുട്ടി ജീവിച്ചിരിപ്പുണ്ടെന്നും ആഗ്രയിലാണ് താമസിക്കുന്നതെന്നും മനസ്സിലാക്കി. അലിഗഡിലെ ചില ഹിന്ദു സംഘടനാ പ്രവർത്തകരോട് സഹായം തേടുകയും പോലീസിനെ സമീപിക്കുകയും ചെയ്തു. തുടർന്ന് എസ്പി അടിയന്തര നടപടിക്ക് ഉത്തരവിടുകയും പെൺകുട്ടിയെ നഗ്ല ചോഖ ഗ്രാമത്തിലെ ഹത്രാസ് ഗേറ്റ് ഏരിയയിൽ നിന്ന് അറസ്റ്റ് ചെയ്യുകയും ചെയ്തു. നിലവിൽ കോടതി പെൺകുട്ടിയുടെ ഡി എൻ എ പരിശോധയ്‌ക്ക് ഉത്തരവിട്ടിരിക്കുകയാണ്.