യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ
കൊല്ലം: ആളൊഴിഞ്ഞ റെയിൽവെ ക്വാർട്ടേഴ്സിലെത്തിച്ച് യുവതിയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി നാസു പൊലീസിനോട് നടത്തിയത് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ്. യുവതിയെ കൊലപ്പെടുത്തിയ ശേഷം രാത്രി മുഴുവൻ മൃതദേഹത്തിന് കാവലിരുന്നെന്ന് നാസു പൊലീസിനോട് പറഞ്ഞു. പുറത്തുപോയി ബ്ലേഡുമായി തിരിച്ചെത്തിയാണ് യുവതിയുടെ മാറിനു താഴെയും തലയിലും മുറിവുണ്ടാക്കിയത്. മരണം ഉറപ്പാക്കാനാണ് ഇങ്ങനെ ചെയ്തതെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. അടുത്ത ദിവസം പുലർച്ചെ അവിടെ നിന്നും പോയെങ്കിലും തൊട്ടടുത്ത ദിവസങ്ങളിൽ തിരിച്ചെത്തി മൃതദേഹം പരിശോധിച്ചിരുന്നെന്നും ഇയാൾ വെളിപ്പെടുത്തി.
വെളുപ്പിനെ തിരികെ പോകുമ്പോൾ യുവതിയുടെ ഫോൺ താൻ കൊണ്ടുപോകുകയായിരുന്നെന്നും ഇയാൾ പറഞ്ഞു. ഇതാണ് പിന്നീട് പൊലീസ് പിടിച്ചെടുത്തത്. കഴിഞ്ഞ 29ന് വൈകീട്ട് ബീച്ചിൽവെച്ചാണ് യുവതിയും നാസുവും പരിചയപ്പെട്ടത്. തുടർന്ന് ഇയാൾ യുവതിയെ ആളൊഴിഞ്ഞ റെയിൽവേ കെട്ടിടത്തിൽ എത്തിച്ച് ബലാത്സംഗം ചെയ്തു. ചൊവ്വാഴ്ച രാത്രിയാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. കൊല്ലം ഫാത്തിമ കോളേജിന് എതിർവശത്തെ ക്വാർട്ടേഴ്സിൽ നഗ്നമായനിലയിൽ കണ്ടെത്തിയ മൃതദേഹത്തിന് ആറുദിവസത്തോളം പഴക്കമുണ്ടായിരുന്നു. തലയിലും മാറിനു താഴെയുമായി രണ്ടു മുറിവുകളുമുണ്ട്. യുവതിയുടെ അടിവസ്ത്രവും ലെഗ്ഗിങ്സും ബാഗും മാത്രമായിരുന്നു സംഭവസ്ഥലത്തുനിന്നു ലഭിച്ചത്.