യുവതികൾക്ക് ക്രൂര മർദ്ദനം… സ്വകാര്യഭാഗങ്ങൾ പൊള്ളിച്ചു….
ലെസ്ബിയൻ ആണെന്ന് സംശയിച്ച് യുവതികൾക്ക് ക്രൂര മർദനം. രണ്ട് സ്ത്രീകളുടെ സ്വകാര്യഭാഗങ്ങളിൽ ഇരുമ്പ് വടി ചൂടാക്കി പൊള്ളലേൽപ്പിച്ചു. യുവതികളുടെ ബന്ധുക്കളിൽ ഒരാളാണ് ആക്രമണം നടത്തിയത്. പശ്ചിമ ബംഗാളിലെ മുർഷിദാബാദ് ജില്ലയിലാണ് സംഭവം.
തങ്ങളെ ലെസ്ബിയൻസ് എന്ന് മുദ്രകുത്തി ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് മർദ്ദിച്ച രണ്ട് ബന്ധുക്കൾക്കെതിരെ ഇരകൾ സാഗർദിഗി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനെ തുടർന്നാണ് സംഭവം പുറത്തറിയുന്നത്. മറ്റൊരു നാട്ടുകാരന്റെ സഹായത്തോടെ ഇരകളെ ബലാത്സംഗം ചെയ്യാൻ പ്രതി ശ്രമിച്ചതായി പൊലീസ് പറഞ്ഞു.
പെൺകുട്ടികൾ രണ്ടുപേരും ഒരുമിച്ചാണ് വളർന്നത്. അവർ പരസ്പരം പിന്തുണയ്ക്കുകയും ചെയ്യുന്നുവെന്ന് സംഭവമറിഞ്ഞ് സാഗർദിഗി ഗ്രാമത്തിലേക്ക് ഓടിയെത്തിയ ഇരയുടെ അമ്മ പറഞ്ഞു. അവരുടെ സൗഹൃദം നാട്ടുകാർ അംഗീകരിച്ചില്ലെന്നും അമ്മ കൂട്ടിച്ചേർത്തു. ഗ്രാമത്തിൽ മുത്തശ്ശിയോടൊപ്പമാണ് പെൺകുട്ടി താമസിച്ചിരുന്നത്. കേസിലെ മൂന്ന് പ്രതികളിൽ ഒരാളെ പൊലീസ് പിടികൂടിയിരുന്നു. അതേസമയം കദം, സാഹിബ് എന്നിങ്ങനെയുള്ള മറ്റ് രണ്ട് പേർ ഇപ്പോൾ ഒളിവിലാണെന്ന് അറിയിച്ചു.