യാത്രക്കാരി അപായച്ചങ്ങല വലിച്ചു.. സ്റ്റാലിന്റെ യാത്ര വൈകി….
യാത്രക്കാരിൽ ഒരാൾ അപായച്ചങ്ങല വലിച്ച് തീവണ്ടി നിർത്തിയതിനെത്തുടർന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ യാത്ര വൈകി. ആലപ്പുഴ-ധൻബാദ് എക്സ്പ്രസിൽ എറണാകുളത്തുനിന്നു കയറിയ ജസ്മൃതിയാദേവി (38) യാണ് അബദ്ധത്തിൽ അപായച്ചങ്ങല വലിച്ചതെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.വെല്ലൂരിലെ രണ്ടുദിവസ സന്ദർശനത്തിനുശേഷം മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ വ്യാഴാഴ്ച രാത്രി കാട്പാടിയിൽനിന്ന് തീവണ്ടി കയറിയതിനു ശേഷമായിരുന്നു സംഭവം. ഉത്തരാഖണ്ഡിലേക്ക് പോകാനായി എറണാകുളത്തുനിന്നു കയറിയ ജസ്മൃതിയാദേവി സ്ലീപ്പർ കോച്ചിൽ മുകളിലെ ബെർത്തിൽ കിടക്കുകയായിരുന്നു. താഴെയിറങ്ങുമ്പോൾ കാലുറപ്പിക്കാനായി അപായച്ചങ്ങലയുടെ പിടിയിൽ ചവിട്ടിയപ്പോഴാണ് വണ്ടിനിന്നത്. മുഖ്യമന്ത്രി കയറിയ വണ്ടി റാണിപ്പേട്ടിലെ മുകുന്ദരായപുരം റെയിൽവേ സ്റ്റേഷനടുത്ത് അപ്രതീക്ഷിതമായി നിർത്തിയത് പരിഭ്രാന്തിക്കു കാരണമായി.