മൂത്രമൊഴിക്കാൻ വണ്ടി നിർത്തി.. ഭാര്യയെ ‘മറന്നുപോയി’…
മറവികൾ പൊതുവെ എല്ലാവർക്കും ഉണ്ടാകുന്ന ഒന്നാണ്. തിരക്ക് പിടിച്ച ജീവിതത്തിൽ നമ്മൾ പലപ്പോഴും പ്രധാന പെട്ട കാര്യങ്ങൾ പോലും മറന്നെന്നിരിക്കാം. എന്നാൽ സ്വന്തം ഭാര്യയെ മറന്നു പോകുക എന്നത് അത്ര സാധാരണ സംഭവം അല്ല . പക്ഷെ അങ്ങനെ ഒരു സംഭവമാണ് ഇവിടെ ഉണ്ടായത്.
ഭർത്താവും ഭാര്യയും കൂടി യാത്ര പോയതാണ് കാറിൽ. എന്നാൽ, അതിനിടയിൽ വച്ച് വണ്ടിയൊന്ന് നിർത്തി ഇരുവരും പുറത്തിറങ്ങി. എന്നാൽ, ഭാര്യ കയറാനുണ്ട് എന്ന് മറന്ന് ഭർത്താവ് കിലോമീറ്ററുകളോളം കാറോടിച്ച് തനിച്ച് സഞ്ചരിച്ചു. ക്രിസ്മസ് ദിനത്തിൽ ബാങ്കോക്കിൽ ഒരു അവധിക്കാലം ആഘോഷിച്ച് മഹാ സാരഖമിലേക്ക് മടങ്ങുകയായിരുന്നു ബൂണ്ടോം ചൈമൂണും ഭാര്യ അംനുവായ് ചൈമൂണും. അപ്പോഴാണ് ഈ വിചിത്രമെന്ന് തോന്നുന്ന സംഭവം നടക്കുന്നത്.
യാത്രയൊക്കെ കഴിഞ്ഞ് പുതുവത്സര രാവ് വീട്ടിലാഘോഷിക്കാനായിരുന്നു ഇരുവരുടെയും പദ്ധതി. ഏതായാലും ഭാര്യയെ മറന്നു വയ്ക്കുന്നതിന് മുമ്പ് വരെ ഇരുവരും വളരെ ഹാപ്പിയായിട്ടാണ് മുന്നോട്ട് പോയിക്കൊണ്ടിരുന്നത്. അതിനിടയിൽ മൂത്രമൊഴിക്കാൻ തോന്നിയപ്പോൾ അമ്പത്തിയഞ്ചുകാരനായ ഭർത്താവ് റോഡരികിൽ വണ്ടി നിർത്തി പുറത്തിറങ്ങി. എന്നാൽ, എന്തുകൊണ്ട് ഗ്യാസ് സ്റ്റേഷനിൽ വണ്ടി നിർത്തിയില്ല എന്നും ചോദിച്ച് ഭാര്യ ആളെ വിമർശിച്ച് തുടങ്ങി. എന്നാൽ ആള് മറുപടി ഒന്നും പറഞ്ഞില്ല. മറുപടി ഒന്നും കേൾക്കാത്തപ്പോൾ ഭാര്യയും സമീപത്തെ കാടിനുള്ളിലേക്ക് കയറി.
തിരികെ വന്ന ഭർത്താവ് ഭാര്യ ഇറങ്ങിപ്പോയതറിയാതെ കാറെടുത്തു എന്നാണ് പറയുന്നത്. ഭാര്യ കാറിനുള്ളിൽ കാണും എന്നയാൾ കരുതിയത്രെ. ഭാര്യയാണെങ്കിൽ തിരികെ എത്തിയപ്പോൾ കാറോ ഭർത്താവോ അവിടെയില്ലായിരുന്നു. സമയം രാത്രിയായിരുന്നു. വഴിതെറ്റിപ്പോയ സ്ത്രീ സഹായം തേടി നടക്കാൻ തുടങ്ങി. പുലർച്ചെ അഞ്ച് മണിയായപ്പോഴേക്കും അവർ ഏകദേശം 20 കിലോമീറ്റർ നടന്നിരുന്നു. ശേഷം അവിടെയെത്തി അവർ നിയമപാലകരുമായി ബന്ധപ്പെട്ടു. അതിനിടയിൽ ഭർത്താവിനെ ഫോൺ ചെയ്യണം എന്ന് കരുതിയിരുന്നു എങ്കിലും ഫോൺ കാറിനകത്തുള്ള ബാഗിലായിരുന്നതിനാൽ അതിനും സാധിച്ചില്ല. രാവിലെ എട്ട് മണിയോടെ പൊലീസിന്റെ സഹായത്തോടെ അവർക്ക് ഭർത്താവിനെ വിളിക്കാൻ സാധിച്ചു. അപ്പോഴേക്കും അയാൾ ഏകദേശം 150 കിലോമീറ്റർ വണ്ടിയോടിച്ച് എത്തിയിരുന്നു.
വളരെ വലിയ ഒരു അശ്രദ്ധയാണ് ഭർത്താവ് കാട്ടിയതെങ്കിലും തന്നെ കൂട്ടിക്കൊണ്ടു പോകാനെത്തിയപ്പോൾ തങ്ങൾ തമ്മിൽ വലിയ വഴക്കൊന്നും ഉണ്ടായില്ല എന്ന് ഭാര്യ പറയുന്നു. 27 വർഷമായി ഇരുവരുടേയും വിവാഹം കഴിഞ്ഞിട്ട്. 26 വയസുള്ളൊരു മകനും ദമ്പതികൾക്കുണ്ട് എന്നും റിപ്പോർട്ടുകൾ പറയുന്നു.