മുകേഷിനെതിരെയുള്ള ലൈംഗിക ആരോപണ കേസിൽ…നടിയുടെ മൊഴിയിൽ വൈരുദ്ധ്യങ്ങള്‍…
കൊച്ചി: പീഡനക്കേസില്‍ നടനും എം.എല്‍.എയുമായ മുകേഷിന് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയത് പരാതിക്കാരിയുടെ മൊഴിയിലെ വൈരുദ്ധ്യങ്ങള്‍ കണക്കിലെടുത്ത്. ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചെന്ന ആരോപണം നിലനില്‍ക്കില്ലെന്ന് കോടതി വ്യക്തമാക്കി. 2022-ല്‍ ഒരുലക്ഷം രൂപ ആവശ്യപ്പെട്ട് മുകേഷിന് പരാതിക്കാരി അയച്ച വാട്ട്‌സാപ്പ് സന്ദേശവും കോടതി എടുത്തുപറഞ്ഞു. കഴിഞ്ഞ പുതുവത്സരദിനത്തില്‍ നടി മുകേഷിനയച്ച ആശംസാ സന്ദേശവും കേസില്‍ തിരിച്ചടിയാവുകയാണ്.
പരാതിക്കാരിയുടെ മൊഴിയില്‍ നിരവധി വൈരുദ്ധ്യങ്ങളുണ്ട്. നടിയുടെ ആദ്യത്തെയും രണ്ടാമത്തെയും മൊഴികളില്‍ ബലാത്സംഗം നടന്നുവെന്ന് വെളിവാകുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. രണ്ടാമത്തെ മൊഴിയില്‍ ഈ വൈരുദ്ധ്യത്തിന് കാരണം പറയാന്‍ അവര്‍ക്ക് സാധിച്ചിട്ടില്ല. കഴിഞ്ഞമാസം 29-ാം തീയതിയാണ് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ മുകേഷ് ജാമ്യഹര്‍ജി നല്‍കിയത്. അതിനുശേഷം 30-ാം തീയതി വീണ്ടും നടിയുടെ മൊഴിയെടുത്തിരുന്നു. ഇതിലാണ് വലിയ വൈരുദ്ധ്യമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടിയിരിക്കുന്നത്.