മദ്യം വിളമ്പി യുവതികൾ… ഡാൻസ് ബാറിൽ വിദേശ വനിതകൾ… കൊച്ചിയിലെ ഹാർബർ വ്യൂഹോട്ടലിൽ നടക്കുന്നത്…
കൊച്ചി ഹാർബർ വ്യൂഹോട്ടലിൽ മദ്യം വിളമ്പാൻ യുവതികളെ ഉപയോഗിച്ചതിനെ തുടർന്ന് ഉടമയ്ക്കെതിരേ കേസെടുത്തു. വിദേശ വനിതകളെ ഉപയോഗിച്ച് ഡാൻസ് ബാർ നടത്തിയതിനാണ് എക്സൈസ് കേസെടുത്തത്. അബ്കാരി ചട്ടം ലംഘിച്ചതിന് ഹാർബർ ഹോട്ടൽ മാനെജരുടെ അറസ്റ്റ് രേഖപ്പെടുത്തി.
ബാറുകളിൽ സ്ത്രീകൾ മദ്യം വിളമ്പുന്നത് നിയമ ലംഘനമാണെന്ന് എറണാകുളം അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ വ്യക്തമാക്കി. വിദേശ മദ്യ നിയമം 27 എ, ബാർ ലൈസൻസ് 9 എ എന്നിവയുടെ ലംഘനമാണ് നടന്നിരിക്കുന്നതെന്നും അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ വി.ടിനിമോൻ പറഞ്ഞു. സ്റ്റോക്ക് രജിസ്റ്റർ കൃത്യമായി സൂക്ഷിക്കാതിരുന്നതിനും കേസെടുത്തിട്ടുണ്ട്. അറസ്റ്റ് ചെയ്ത ശേഷം മാനെജരെ ജാമ്യത്തിൽ വിട്ടു.
കൊച്ചിൻ ഷിപ്യാർഡിനടുത്തുളള ഹാർബർ വ്യൂ ഹോട്ടൽ ഇക്കഴിഞ്ഞ ദിവസമാണ് ഫ്ലൈ ഹൈ എന്ന പേരിൽ നവീകരിച്ച് പ്രവർത്തനം തുടങ്ങിയത്. കേരളത്തിലെ ആദ്യത്തെ പബ് എന്ന പേരിലായിരുന്നു സോഷ്യൽ മീഡിയയിലെ പ്രചാരണം. സിനിമാമേഖലയിലെ നിരവധിപ്പേരെ സ്പെഷ്യൽ ഗസ്റ്റുകളായി അണിനിരത്തിയിരുന്നു. ഒപ്പം ചടുലൻ നൃത്തത്തിന്റെ അകമ്പടിയും ഉണ്ടായി.
ബിവറേജസിൽ സ്ത്രീകളെ ജോലിക്ക് നിയോഗിക്കുന്നത് സംബന്ധിച്ച കേസിൽ സ്ത്രീകൾ മദ്യം വിളമ്പരുതെന്ന വാദം നില നിൽക്കില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. ഇതേതുടർന്ന് ബിവറേജസുകളിൽ സ്ത്രീകളെ മദ്യം വിളിമ്പുന്നതിന് നിയോഗിച്ചിട്ടുണ്ട്. എന്നാൽ വിദേശ മദ്യനിയമത്തിൽ ഭേദഗതി വരുത്താത്ത സാഹചര്യത്തിലാണ് നിയമ നടപടി സ്വീകരിച്ചതെന്നാണ് എക്സൈസ് വ്യക്തമാക്കുന്നത്.