മക്കൾ വീട്ടിലുള്ള അമ്മമാർ ഇവരെ സൂക്ഷിക്കുക
മകളുടെ വിവാഹത്തിന് സഹായമഭ്യർത്ഥിച്ച് വീടുകളില്‍ പിരിവിനായെത്തുന്നവരെ സൂക്ഷിക്കുക. കുട്ടികളുടെ ആഭരണങ്ങള്‍ മോഷ്ടിച്ച് മുങ്ങുന്ന വിദഗ്ധരാണ് പലരും. ഇത്തരം ഒരു മോഷടാവിനെ കല്‍പകഞ്ചേരി പോലീസ് പിടികൂടി. മഞ്ചേരി ആനക്കയം സ്വദേശി മടാരി പള്ളിയാലില്‍ അബ്ദുല്‍ അസീസ് (50) കാരനാണ് പോലീസ് പിടികൂടിയത്.
മലപ്പുറം വൈലത്തൂര്‍ മച്ചിങ്ങപ്പാറയിലെ ഒരു വീട്ടില്‍ നിന്ന് ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച പ്രതി ആഭരണം കൈക്കലാക്കി മുങ്ങിയിരുന്നു. വീടിന് സൈഡില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന രണ്ടര വയസുകാരിയുടെ കൈചെയിന്‍, വള, അരഞ്ഞാണം തുടങ്ങിയ മൂന്നര പവന്‍ ആഭരണങ്ങളാണ് ഇയാൾ മോഷ്ടിച്ചത്. കുട്ടിയുടെ കരച്ചില്‍ കേട്ട് വീട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും മോഷ്ടാവ് രക്ഷപ്പെട്ടിരുന്നു. വെള്ളിയാഴ്ച ജുമുഅ നമസ്‌കാര സമായത്താണ് ഇയാൾ മോഷണത്തിനായി വീടുകളില്‍ എത്തുന്നത്. കുട്ടികളുടെ ആഭരണങ്ങളാണ് മോഷ്ടിക്കുന്നത്.
കോട്ടക്കല്‍, ആലുവ തുടങ്ങിയ സ്ഥലങ്ങളില്‍ ഇയാൾ മോഷണം നടത്തിയിട്ടുണ്ട്. ഇവിടുത്തെ സ്റ്റേഷനുകളില്‍ ഇയാൾക്കെതിരെ കേസുണ്ട്. ജില്ലയില്‍ മറ്റുപലയിടത്തും മോഷണം നടത്തിയതായി പോലീസ് സംശയിക്കുന്നുണ്ട്. മലപ്പുറം എസ്.പി സുജിത് ദാസിന്റെ നിര്‍ദേശ പ്രകാരം പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് താനൂര്‍ ഡി.വൈ.എസ്.പി മൂസ വള്ളിക്കാടന്റെ നേതൃത്വത്തില്‍ കല്‍പകഞ്ചേരി സി.ഐ പി.കെ ദാസിന്റെ നേതൃത്വത്തില്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ രേഖാ ചിത്രം വരച്ച് അന്വേഷണം നടത്തുന്നതിനിടെ വയനാട് മേപ്പാടിയില്‍ നിന്ന് ചൊവ്വാഴ്ച്ച പുലര്‍ച്ചെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ തെളിവെടുപ്പിന് ശേഷം തിരൂര്‍ കോടതിയില്‍ ഹാജരാക്കും.