ഭർത്താവിന്റെ അറുത്തെടുത്ത തലയുമായി പോലീസ് സ്റ്റേഷനിൽ
ഭര്‍ത്താവിനെ തലയറുത്തുകൊന്ന ശേഷം 50കാരി പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി. 53കാരനായ രവിചന്ദറാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് രവിചന്ദറിന്റെ ഭാര്യയായ വസുന്ധരയെ അറസ്റ്റ് ചെയ്തു. തിരുപ്പതിയിലെ റെനിഗുണ്ട ഗ്രാമത്തിലാണ് സംഭവം. ഭര്‍ത്താവിന്റെ അറുത്തെടുത്ത തലയുമായി ഓട്ടോയിലാണ് സ്ത്രീ പോലീസ് സ്‌റ്റേഷന് മുന്നില്‍ വന്നിറങ്ങിയത്. തുടര്‍ന്ന് പ്ലാസ്റ്റിക് ബാഗില്‍ പൊതിഞ്ഞ തലയുമായി നടന്ന് പോലീസ് സ്‌റ്റേഷനുള്ളിലേക്ക് കടന്ന് കൊലപാതക വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. 25 വര്‍ഷം മുമ്പായിരുന്നു വ്യവസായിയായ രവിചന്ദറിന്റെയും വസുന്ധരയുടെയും വിവാഹം. ഇവര്‍ക്ക് 20 വയസുള്ള ഒരു മകനുമുണ്ട്. അടുത്തിടെയാണ് ഇരുവരും തമ്മില്‍ പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. വ്യാഴാഴ്ച രാത്രി വീട്ടില്‍ വൈകിയെത്തിയ രവിചന്ദറുമായി ഭാര്യ വഴക്കിടുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയായിരുന്നു കൊലപാതകം. അതേസമയം കൊലപാതകത്തിന് പിന്നിലെ കൃത്യമായ കാരണമെന്താണെന്ന് പോലീസ് വ്യക്തമാക്കിയിട്ടില്ല. രവിചന്ദറിന് വിവാഹേതര ബന്ധമുണ്ടെന്ന് വസുന്ധര സംശയിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് പോലീസിന്റെ നിഗമനം. രവിചന്ദറിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി തിരുപ്പതിയിലെ ആശുപത്രിയിലേക്ക് മാറ്റി.