ഫ്രണ്ട് ആക്കണം… ഫോണില്‍ ഭീഷണി… ഉറക്കത്തില്‍ പെണ്‍കുട്ടിയെ…..
സുഹൃത്ത് ആക്കണമെന്ന് നിരന്തരം നിര്‍ബന്ധിച്ച് കൊണ്ട് യുവാവ് ഫോണില്‍ വിളിച്ചിരുന്നു. എന്നാൽ യുവതി സമ്മതിച്ചില്ല. പിന്നീട് യുവതി ഉറക്കത്തിലായിരിക്കെ യുവാവ് പെട്രോള്‍ ഒഴിച്ച് കത്തിച്ചു . 19 വയസുള്ള പന്ത്രണ്ടാം ക്ലാസില്‍ പഠിക്കുന്ന യുവതിക്കാണ് ഗുരുതരമായി പൊള്ളലേറ്റത്. 90 ശതമാനം പൊള്ളലോടെ യുവതിയെ ഫുലോ ജാനോ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ജാര്‍ഖണ്ഡിലെ ദുംക ജില്ലയിലാണ് സംഭവം. കേസില്‍ ഷാരുഖ് എന്ന യുവാവിനെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.
വീട്ടില്‍ ഉറങ്ങുകയായിരുന്നു യുവതിയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച ഷാരുഖ് തീ കൊളുത്തുകയായിരുന്നു. അകലെ നിന്നുകൊണ്ട് യുവതിയുടെ ദേഹത്തേക്ക് പെട്രോള്‍ ഒഴിച്ച ശേഷം നിര്‍മ്മാണ തൊഴിലാളിയായ ഷാരുഖ് തീ കൊളുത്തുകയായിരുന്നുവെന്ന് ടൗണ്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍ ചാര്‍ജ് നിതീഷ് കുമാര്‍ പി ടി ഐയോട് പറഞ്ഞു. ഗുരുതരമായ അവസ്ഥയിലും പെണ്‍കുട്ടി എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന് മൊഴി നല്‍കിയിട്ടുണ്ട്.
സുഹൃത്ത് ആക്കണമെന്ന് നിരന്തരം നിര്‍ബന്ധിച്ച് കൊണ്ട് 10 ദിവസം മുമ്പ് യുവാവ് ഫോണില്‍ വിളിച്ചിരുന്നു. രാത്രി എട്ട് മണിയോടെ വീണ്ടും ഫോണ്‍ വിളിച്ചു. സംസാരിച്ചില്ലെങ്കില്‍ കൊന്ന് കളയുമെന്ന് ഭീഷണിപ്പെടുത്താനാണ് വിളിച്ചത്. ഇതോടെ തന്‍റെ പിതാവിനോട് ഭീഷണിപ്പെടുത്തിയത് അടക്കമുള്ള കാര്യങ്ങള്‍ പറഞ്ഞു. ഷാരുഖിന്‍റെ വീട്ടുകാരോട് പറയാമെന്ന് പിതാവ് ഉറപ്പ് നല്‍കിയിരുന്നു. ഇതിന് ശേഷം രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്നതാണ്. പുറത്ത് അസഹ്യമായ വേദനയോടെ ഞെട്ടി ഉണരുകയായിരുന്നു. എന്തോ കത്തുന്നതിന്‍റെ മണവും ഉണ്ടായിരുന്നു. ഷാരുഖ് ഓടി രക്ഷപ്പെടുന്നത് കണ്ടാണ് കണ്ണ് തുറന്നതെന്നും പെണ്‍കുട്ടി പറഞ്ഞു. വേദനയില്‍ താന്‍ മാതാപിതാക്കളുടെ മുറിയിലേക്ക് ഓടി. അവരാണ് തീകെടുത്തിയ ശേഷം ആശുപത്രിയില്‍ എത്തിച്ചതെന്നും പെണ്‍കുട്ടി പറഞ്ഞു.