ഫുട്ബോള്‍ ലോകത്തെ ഞെട്ടിച്ച് ഏഴ് വര്‍ഷം മുമ്പുള്ള പ്രവചനം!
ഖത്തര്‍ ലോകകപ്പിൽ അർജന്റീന-ഫ്രാൻസ് ഫൈനൽ അങ്കം കാണാനുള്ള ആവേശത്തിലാണ് ആരാധകർ. ഇന്ന് രാത്രി 8:30ന് ലുസൈല്‍ സ്‌റ്റേഡിയത്തിലാണ് മത്സരം. തുടര്‍ച്ചയായ രണ്ടാം കിരീടമെന്ന നേട്ടം ലക്ഷ്യമിട്ടാണ് ദിദിയര്‍ ദെഷാംപ്‌സിന്റെ കീഴിലുള്ള ഫ്രഞ്ച് പട പോരാട്ടത്തിനിറങ്ങുക. 2018 ലോകകപ്പില്‍ ക്രൊയേഷ്യയെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് തകര്‍ത്തായിരുന്നു ഫ്രഞ്ച് പട ലോകകിരീടത്തില്‍ മുത്തമിട്ടത്. ഫുട്‌ബോള്‍ ലോകത്ത് തൊട്ടതെല്ലാം പൊന്നാക്കിയ സൂപ്പർ താരം ലയണല്‍ മെസിക്ക് ഇനി നേടാനുള്ളത് ലോകകപ്പ് കിരീടമാണ്. തന്റെ അവസാന ലോകകപ്പാണ് ഖത്തറിലേതെന്ന് പ്രഖ്യാപിച്ച മിശിഹായ്ക്കായി ലോക കിരീടം സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെയാകും ആല്‍ബിസെലെസ്‌റ്റെകള്‍ ഫ്രഞ്ച് പടയെ നേരിടുക.
എന്നാല്‍, ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ട്രെന്‍ഡിംഗ് ആയിട്ടുള്ള ഒരു പ്രവചനം ഫുട്ബോള്‍ ലോകത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്. ഹോസെ മിഗ്വെല്‍ പൊളാന്‍കോ എന്ന സ്പാനിഷ് ഫുട്ബോള്‍ ആരാധകനാണ് പ്രവചനം നടത്തിയിരിക്കുന്നത്. അതും ഏഴ് വര്‍ഷം മുമ്പ്. കൃത്യമായി പറഞ്ഞാല്‍ 2015 മാര്‍ച്ച് 20നാണ് പൊളാന്‍കോ ഒരു ലോകകപ്പ് പ്രവചനം നടത്തിയത്.
2022 ഡിസംബര്‍ 18ന് ലയണൽ മെസി ലോകകപ്പ് ഉയര്‍ത്തുമെന്നും എക്കാലത്തെയും മികച്ച ഫുട്ബോള്‍ താരമായി മാറുമെന്നാണ് ആ പ്രവചനത്തില്‍ പറയുന്നത്. ഏഴ് വര്‍ഷത്തിന് ശേഷം ഇത് സത്യമാണോ എന്ന് വന്നു നോക്കാനും പൊളാന്‍കോ ട്വിറ്ററില്‍ കുറിച്ചിരുന്നു. മെസി കപ്പ് ഉയര്‍ത്തുമെന്നുള്ള പ്രവചനം ഒക്കെ പലരും മുമ്പ് നടത്തിയിട്ടുണ്ടെങ്കിലും കൃത്യമായി ഡിസംബര്‍ 18 എന്ന തിയതിയൊക്കെ പൊളാന്‍കോ എങ്ങനെ പറഞ്ഞുവെന്നുള്ള അമ്പരപ്പിലാണ് ഫുട്ബോള്‍ ലോകം.