ഫാസ്ടാഗ് ഇനിമുതൽ വാഹനത്തിന്റെ മുന്‍ വിന്‍ഡ്ഷീല്‍ഡില്‍; ലംഘിച്ചാൽ ഇരട്ടി ടോൾ…
ടോള്‍പ്ലാസകളില്‍ കാലതാമസമുണ്ടാകുന്നത് കണക്കിലെടുത്ത് ഫാസ്ടാഗ് വാഹനത്തിന്റെ മുന്‍ വിന്‍ഡ്ഷീല്‍ഡില്‍ത്തന്നെ സ്ഥാപിക്കണമെന്ന് ദേശീയപാത അതോറിറ്റി. നിയമം ലംഘിക്കുന്നവർക്ക് ഇരട്ടി ടോള്‍ ഈടാക്കുമെന്ന് തീരുമാനം. മറ്റുയാത്രക്കാര്‍ക്ക് ബുദ്ധിമുട്ടാകുമെന്നതിനാലാണ് ഇത്തരത്തിലൊരു നടപടി.
ഇതുസംബന്ധിച്ച് ദേശീയപാത അതോറിറ്റി മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. ഇരട്ടി ടോൾ കൂടാതെ വാഹനത്തെ കരിമ്പട്ടികയില്‍പ്പെടുത്താനും വ്യവസ്ഥയുണ്ടാകും. മുന്നില്‍ ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങളുടെ നമ്പറടക്കം സി.സി.ടി.വി. ദൃശ്യങ്ങള്‍ സൂക്ഷിക്കും. മുന്‍ഭാഗത്തെ വിന്‍ഡ്ഷീല്‍ഡില്‍ തന്നെ ഫാസ്ടാഗ് പതിപ്പിക്കുന്നത് അതിറക്കുമ്പോള്‍ത്തന്നെ ഉറപ്പാക്കാനും ബാങ്കുകളോട് നിര്‍ദേശിച്ചു.
സംസ്ഥാന ഗതാഗത വകുപ്പിന്റെ വെഹിക്കിള്‍ 4 സെര്‍വറിനെ ടോള്‍ പ്ലാസ സെര്‍വറുകളുമായി ബന്ധിപ്പിക്കും. വാഹന നമ്പര്‍ പ്ലാസയില്‍ സ്കാന്‍ചെയ്യുമ്പോഴേ വാഹനരേഖകളുടെ കാലാവധിയും അറിയാനാകും. ഉടന്‍തന്നെ ഇ-ചലാന്‍ ഉടമയ്ക്ക് ലഭിക്കും.
അടുത്തമാസം നാല് ടോള്‍ബൂത്തുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി തുടങ്ങും. ആദ്യഘട്ടത്തില്‍ വാണിജ്യവാഹനങ്ങളും ടാക്സികളും മാത്രമാണ് ഉൾപ്പെടുത്താൻ പോകുന്നത്. സ്വകാര്യ വാഹനങ്ങളെ അടുത്തഘട്ടത്തില്‍ പദ്ധതിയുടെ ഭാഗമാക്കും.