പ്രിജിത്തും റീഷയും കാത്തിരുന്നത് രണ്ടാമത്തെ കണ്മണിക്കായി…ദുരന്ത കാരണം….

കണ്ണൂർ: ജില്ലാ ആശുപത്രിക്കടുത്ത്‌ ഓടിക്കൊണ്ടിരുന്ന കാർ കത്തി പൂർണ ഗർഭിണിയും ഭർത്താവും വെന്ത്‌ മരിക്കാനുണ്ടായ കാരണം സ്റ്റിയറിങ് ഭാഗത്തെ ഷോര്‍ട്ട് സര്‍ക്യൂട്ട് ആണെന്ന് റിപ്പോർട്ട്. മോട്ടോർ വാഹന വകുപ്പ് അധികൃതരുടെ പ്രാഥമിക റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. കുറ്റ്യാട്ടൂർ കാരാറമ്പ്‌ സ്വദേശി പ്രിജിത്‌ (35) ഭാര്യ റീഷ (26) എന്നിവരാണ്‌ മരിച്ചത്‌. 11 മണിയോടെയാണ്‌ നാടിനെ നടുക്കിയ ദുരന്തം ഉണ്ടായത്. നാട്ടുകാരുടെ കൺമുന്നിൽവെച്ച്‌ റീഷയും പ്രിജിത്തും വെന്ത്‌ മരിക്കുകയായിരുന്നു.പ്രസവ വേദന അനുഭവപ്പെട്ടതിനെ തുടർന്ന്‌ ആശുപത്രിയിൽ പ്രവേശിക്കാൻ കുറ്റ്യാട്ടൂരിൽ നിന്നും പുറപ്പെട്ടതായിരുന്നു. വീട്ടില്‍ നിന്നും ആശുപത്രിയിലേക്ക് പോകും വഴിയാണ് അപകടത്തില്‍പ്പെട്ടത്. മുന്‍ സീറ്റിലിരുന്നവരാണ് വെന്തു മരിച്ചത്. ഓടികൊണ്ടിരിക്കെ കാറിന്റെ മുന്‍പിന്‍ പെട്ടന്ന് തീപിടിക്കുകയായിരുന്നു. പെട്ടന്ന് തന്നെ കാറിന് പൂര്‍ണമായും തീപിടിക്കുകയായിരുന്നു. കാറിന്റെ പുറകിലിരുന്ന നാലുപേരെയും നാട്ടുകാര്‍ രക്ഷപ്പെടുത്തി. ആറു പേരാണ് കാറില്‍ ഉണ്ടായിരുന്നത്. മുന്‍പില്‍ ഇരുന്നവര്‍ക്ക് പുറത്തിറങ്ങാന്‍ സാധിക്കാത്തതാണ് അപകടത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.കണ്ണൂര്‍ ജില്ലാ ആശുപത്രിക്ക് സമീപമാണ് അപകടം ഉണ്ടായത്. വിവരം അറിഞ്ഞ ഉടനെ ഫയർ ഫോഴ്‌സ്‌ എത്തി തീ പൂർണ്ണമായും അണച്ച്‌ പ്രിജിത്തിനേയും റീഷയേയും പുറത്തെടുത്തുവെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. രണ്ടാമത്തെ പ്രസവത്തിനായിട്ടായിരുന്നു ഇവരുടെ യാത്ര. ഇവരുടെ മൂത്ത മകളും കാറിൽ ഉണ്ടായിരുന്നു. മകളെ ബന്ധുക്കൾക്കൊപ്പം നാട്ടുകാർ രക്ഷപ്പെടുത്തി. ജില്ലാ ആശുപത്രിയിലെത്താൻ വെറും മൂന്ന് മിനിറ്റ് മാത്രം ബാക്കി നിൽക്കെയാണ് ഇവരുടെ കാറിനെ അഗ്നി കവർന്നത്. നഗരത്തിലെ ഗതാഗത കുരുക്ക് ആണ് ഇവരുടെ യാത്ര വൈകിപ്പിച്ചത്.

Related Articles

Back to top button