പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ ആൺവേഷധാരിയായ യുവതിക്ക് ഗോവ ആസ്ഥനമായി പ്രവർത്തിക്കുന്ന പെൺകടത്ത് സംഘവുമായി ബന്ധം
മാവേലിക്കര- പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ അറസ്റ്റിയ ആൺവേഷധാരിയായ യുവതിക്ക് ഗോവ ആസ്ഥനമായി പ്രവർത്തിക്കുന്ന പെൺകടത്ത് സംഘവുമായി ബന്ധമുള്ളതായി സംശയം. മാവേലിക്കര ഉമ്പർനാട് സ്വദേശിനിയായ പ്ലസ് വൺ വിദ്യാർഥിനിയെ സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട ശേഷം വീട്ടിൽ നിന്നു വിളിച്ചിറക്കി കൊണ്ടുപോയ കേസിൽ അറസ്റ്റിലായ തിരുവനന്തപുരം വീരണക്കാവ് കൃപാനിലയം സന്ധ്യ (27)ക്ക് പെൺകടത്ത് സംഘവുമായി ബന്ധമുണ്ടോ എന്ന് അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചു. കോടതി റിമാന്റ് ചെയ്ത പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയ ശേഷം കൂടുതൽ വിശദമായ ചോദ്യം ചെയ്യൽ നടത്തും. ഇതിനായി പോലീസ് കസ്റ്റഡി അപേക്ഷ നൽകും.
പെൺകുട്ടിയ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ ഒരാഴ്ച നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതിയെ കഴിഞ്ഞ ദിവസം തൃശൂരിൽ നിന്ന് പിടികൂടിയത്. പിടികൂടുന്നത് വരെ ഇവർ സ്ത്രീയാണെന്ന് തട്ടിക്കോണ്ട് പോയ പെൺകുട്ടി അറിഞ്ഞിരുന്നില്ല. 2016ൽ 14 വയസുള്ള പെൺകുട്ടികളെ ഉപദ്രവിച്ചതിന് കാട്ടാക്കട സ്റ്റേഷനിൽ 2 പോക്സോ കേസ് സന്ധ്യക്കെതിരെ നിലവിലുണ്ട്. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് ഇവർക്ക് പെൺ കടത്ത് സംഘവുമായി ബന്ധമുണ്ടോയെന്ന് പൊലീസ് സംശയിക്കുന്നത്. ഇവർ സമാനമായ മറ്റ് തട്ടിക്കൊണ്ട് പോകൽ നടത്തിയിട്ടുണ്ടോ എന്നും പരിശോധിക്കും.