പ്രസവത്തോടെ കുട്ടിയും അമ്മയും മരിച്ച സംഭവം.. മൃതദേഹം ഏറ്റുവാങ്ങുന്നതിനിടെ സംഘർഷം..
അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രസവത്തോടൊപ്പം കുട്ടിമരിച്ചതിന് പിന്നാലെ അമ്മയും മരിച്ച സംഭവത്തിൽ മൃതദേഹം ഏറ്റുവാങ്ങുന്നതിനിടെ സംഘർഷം. അമ്മയും കുഞ്ഞും ഒരേ സമയം മരിച്ചതാണെന്നും വിവരങ്ങള്‍ മറച്ചുവെച്ചു എന്നാരോപിച്ച് ബന്ധുക്കളും നാട്ടുകാരും പ്രതിഷേധിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ.എ.അബ്ദുല്‍ സലാം ഇടപെട്ട് ഉന്നത സംഘത്തിന്റെ നേതൃത്വത്തില്‍ പോസ്റ്റുമോര്‍ട്ടം നടത്താമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാമെന്ന ഉറപ്പിന്മേലാണ് പ്രതിഷേധക്കാര്‍ പിര്മാറിയത്.
കൈനകരി കായിത്തറ വീട്ടിൽ രാംജിത്തിന്റെ ഭാര്യ അപർണ്ണ (22)യും നവജാതശിശുവുമാണ് മരിച്ചത്. സബ് കളക്ടർ സൂരജ് ഷാജി, എ.ഡി.എം സന്തോഷ് കുമാർ, അമ്പലപ്പുഴ തഹസീൽദാർ വി.സി.ജയ എന്നിവരുടെ സാന്നിദ്ധ്യത്തിൽ ഇൻക്വസ്റ്റ് തയ്യാറാക്കിയ ഇരു മൃതദേഹങ്ങളും പോസ്റ്റുമാർട്ടം നടത്തിയെങ്കിലും ബന്ധുക്കൾ ഏറ്റുവാങ്ങിയില്ല. ഗൈനിക് ഡോക്ടർക്കെതിരെ നടപടി എടുത്താൽ മാത്രമെ മൃതദേഹം ഏറ്റുവാങ്ങു എന്ന് ബന്ധുക്കൾ വാശി പിടിച്ചത് വീണ്ടും സംഘർഷത്തിന് കാരണമായി. ജില്ലാ കളക്ടർ കൃഷ്ണ തേജ ഐ.എ.എസ്, ജില്ലാ പൊലീസ് സൂപ്രണ്ട് എന്നിവരെത്തി ബന്ധുക്കളെ അനുനയിപ്പിച്ച ശേഷം വൈകിട്ട് 6 മണിയോടെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി.