പ്രവാസിയുടെ ബന്ധുക്കൾ തട്ടിപ്പിനിരയാകാതെ സൂക്ഷിക്കുക….
തിരുവനന്തപുരം: വിദേശത്ത് ജോലി ചെയ്യുന്നവരുടെ നാട്ടിലെ ബന്ധുക്കളെയും സുഹൃത്തുക്കളെയും ഫോണില്‍ ബന്ധപ്പെട്ട് തട്ടിപ്പ് നടത്തുന്ന സംഘത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് കേരളാ പൊലീസ്. പ്രവാസികളുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഫോണ്‍ നമ്പര്‍ ശേഖരിച്ച ശേഷം അവരെ ബന്ധപ്പെട്ടാണ് ഇത്തരം സംഘം തട്ടിപ്പ് നടത്തുന്നതെന്ന് പൊലീസ് പറഞ്ഞു. വിദേശത്തുള്ള സുഹൃത്തോ ബന്ധുവോ അവിടെ നിയമലംഘനത്തിന് തടവിലാണെന്നും മോചനത്തിനായി അടിയന്തരമായി പണം നല്‍കണമെന്നും തട്ടിപ്പുകാര്‍ ആവശ്യപ്പെടും. ഇക്കാര്യങ്ങള്‍ വിശ്വസിപ്പിക്കുന്നതിനായി പൊലീസ് ഓഫീസര്‍ എന്ന് തെളിയിക്കുന്ന വ്യാജ ഐഡി കാര്‍ഡ്, കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് എന്ന് തെളിയിക്കുന്ന വ്യാജ രേഖകള്‍ എന്നിവ തട്ടിപ്പുകാരന്‍ അയച്ചു നല്‍കും.’ തുടര്‍ന്ന് വ്യാജ പൊലീസ് യൂണിഫോം ധരിച്ച് സ്‌കൈപ്പ് വീഡിയോ കോളിലൂടെ ഭീഷണിപ്പെടുത്തുകയും പണം തട്ടുകയുമാണ് ഇത്തരം സംഘങ്ങള്‍ ചെയ്യുന്നതെന്ന് പൊലീസ് അറിയിച്ചു.