പോർഷെ ഇടിച്ച് അപകടം..17കാരന്റെ അമ്മ അറസ്റ്റിൽ…
പുനെയിൽ മദ്യപിച്ച് ആഡംബര വാഹനമോടിച്ച് ബൈക്ക് യാത്രികരായ രണ്ട് പേരെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ 17കാരന്റെ അമ്മയും അറസ്റ്റിൽ.പതിനേഴുകാരൻ്റെ അമ്മ ശിവാനി അഗർവാളാണ് അറസ്റ്റിലായത്. രക്തസാമ്പിളില്‍ തിരിമറി നടത്താന്‍ സഹായിച്ചതിനാണ് യുവതിയെ ശനിയാഴ്ച അറസ്റ്റ് ചെയ്തതെന്ന് പൂനെ പൊലീസ് കമ്മീഷണർ പറഞ്ഞു. അപകടത്തിന് പിന്നാലെ പരിശോധനക്കായി 17കാരന്റെ രക്തസാമ്പിളുകള്‍ ശേഖരിച്ചെങ്കിലും പ്രതിയുടെ രക്തസാമ്പിളിനു പകരം അമ്മയുടെ രക്തസാമ്പിള്‍ ഉപയോഗിച്ചാണ് ഡോക്ടര്‍മാര്‍ പരിശോധന നടത്തിയത്.
പ്രതിയുടെ കുടുംബത്തില്‍ നിന്നുള്ള നാലാമത്തെ അറസ്റ്റാണിത്. നേരത്തെ പിതാവ് വിശാല്‍ അഗര്‍വാളിനെയും മുത്തച്ഛന് സുരേന്ദ്ര അഗര്‍വാളിനെയും അറസ്റ്റ് ചെയ്തിരുന്നു.പൂനെയെ നടുക്കിയ ദാരുണമായ വാഹനാപകടത്തിനു പിന്നാലെ പ്രതിയായ പതിനേഴുകാരനെ രക്ഷിക്കാൻ സമ്പന്ന കുടുംബം നടത്തിയ ഗൂഡാലോചന ഒന്നൊന്നായി പുറത്തു വന്നിരുന്നു. മെയ് 19നാണ് അപകടമുണ്ടായത്. അപകടമുണ്ടാക്കുന്നതിന് മുൻപ് ബാറിൽ നിന്ന് മദ്യപിച്ച 17കാരന്റെ രക്ത സാംപിളിൽ മദ്യത്തിന്റെ അംശമില്ലെന്ന് മെഡിക്കൽ റിപ്പോർട്ട് വന്നതോടെ പൊലീസിനെതിരെ വലിയ രീതിയിലാണ് വിമർശനം ഉയർന്നത്. ഇതിന് പിന്നാലെ നടന്ന അന്വേഷണത്തിലാണ് സംഭവത്തിലെ ഞെട്ടിക്കുന്ന ഗൂഡാലോചന പുറത്ത് വന്നത്. പ്രതിയുടെ അച്ഛനിൽ നിന്ന് മൂന്ന് ലക്ഷം രൂപ കൈക്കൂലി വാങ്ങി ചീഫ് മെഡിക്കൽ ഓഫിസറും ഫൊറൻസിക് മേധാവിയും ചേർന്നാണ് രക്ത സാംപിളിൽ കൃത്രിമം നടത്തിയത്. പതിനേഴുകാരന്റെ രക്തസാംപിൾ ചവറ്റുകുട്ടയിലെറിഞ്ഞ ഡോക്ടർമാർ പകരം പരിശോധിച്ചത് അമ്മ ശിവാനി അഗർവാളിന്റെ രക്ത സാംപിളായിരുന്നു. ഇതോടെ ഡോക്ടർമാരെ സസ്പെൻഡ് ചെയ്യുകയും ഇവരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.