പോരാട്ടം ഫലം കണ്ടു..ഒടുവിൽ അനിതക്ക് നീതി…

കടുത്ത പ്രതിഷേധങ്ങൾക്ക് ഒടുവിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ നേഴ്സിംഗ് സൂപ്രണ്ട് പിബി അനിതക്ക് നിയമനം നല്‍കാന്‍ ആരോഗ്യ വകുപ്പിന്റെ തീരുമാനം. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തന്നെ ഇവര്‍ക്ക് നിയമനം നല്‍കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു .അനിതക്ക് നിയമനം നൽകാനുള്ള നടപടി ഉടൻ സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് വൃത്തങ്ങൾ അറിയിച്ചു. ഉചിതമായ തീരുമാനം ഉടൻ ഉണ്ടാകും. കോടതി വിധി പരിശോധിക്കാൻ എടുത്ത സ്വാഭാവിക കാലതാമസം മാത്രമാണ് ഉണ്ടായതെന്നും അത് വിവാദമാക്കേണ്ട കാര്യമില്ലെന്നുമാണ് ആരോഗ്യ വകുപ്പ് വിശദീകരിക്കുന്നത്.

കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐസിയുവില്‍ വെച്ച് രോഗി പീഡിപ്പിക്കപ്പെട്ട കേസില്‍ അതിജീവിതയെ പിന്തുണച്ച് നിര്‍ണ്ണായക മൊഴി നല്‍കിയ അനിതയെ ഇടുക്കിയിലേക്ക് സ്ഥലം മാറ്റിയിരുന്നു. സ്ഥലം മാറ്റത്തിനെതിരെ അനിത കോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിച്ചിരുന്നു. ഏപ്രില്‍ ഒന്ന് മുതല്‍ ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കിയിട്ടും ജോലിയില്‍ തിരികെ പ്രവേശിപ്പിക്കില്ലെന്ന നിലപാടില്‍ അധികൃതര്‍ ഉറച്ച് നില്‍ക്കുകയായിരുന്നു.തുടര്‍ന്ന് അനിത മെഡിക്കല്‍ കോളജിന് മുന്നില്‍ സമരം നടത്തുകയും പ്രതിഷേധം ശക്തമാകുകയും ചെയ്തതോടെയാണ് അനിതക്ക് കോഴിക്കോട്ട് തന്നെ നിയമനം നൽകി മുഖം രക്ഷിക്കാൻ സര്‍ക്കാര്‍ ശ്രമിക്കുന്നത് .

Related Articles

Back to top button