പൊലീസ് പിടിച്ചെടുത്ത 19 കിലോ കഞ്ചാവ് കാണാനില്ല…പൊടിപോലുമില്ലാതെ എല്ലാം എലി തിന്നുത‍ീർത്തെന്ന് ഉദ്യോഗസ്ഥർ….

മയക്കുമരുന്ന് കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തതിനൊപ്പം പിടിച്ചെടുത്ത 19 കിലോ കഞ്ചാവ് കാണാനില്ലെന്ന് പൊലീസിന്റെ റിപ്പോർട്ട്. ഒട്ടും ബാക്കിവെയ്ക്കാതെ എല്ലാം എലി തിന്നു തീർത്തെന്നാണ് ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ അവകാശവാദം. കഞ്ചാവ് ഉപയോഗിച്ച് തയ്യാറാക്കുന്ന ലഹരി വസ്തുവായ 10 കിലോ ഭാംഗും ഒൻപത് കിലോ കഞ്ചാവുമാണ് പൊലീസ് സ്റ്റേഷനിലെ സ്റ്റോറിൽ സൂക്ഷിച്ചിരുന്നത്. ഇതിൽ അൽപം പോലും ബാക്കിയില്ലെന്ന് റിപ്പോർട്ടിൽ സ്റ്റേഷൻ ചുമതലയുള്ള ഉദ്യോഗസ്ഥൻ പറഞ്ഞു. ജാർഖണ്ഡിലെ ധൻബാധ് ജില്ലയിലാണ് സംഭവം. 2018 ഡിസംബർ 14ന് ഒരു കേസിൽ ശംഭു പ്രസാദ് അഗർവാൾ എന്നയാളെയും മകനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്. ഇവ പൊലീസ് സ്റ്റേഷനിലെ സ്റ്റോറിൽ സൂക്ഷിച്ചു. കേസിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു. ഈ കേസിന്റെ വിചാരണയ്ക്കിടയിലാണ് പ്രിൻസിപ്പൽ ജില്ലാ ആന്റ് സെഷൻസ് കോടതി ജഡ്ജി റാം ശർമ തൊണ്ടിമുതൽ ഹാജരാക്കാൻ പൊലീസിനോട് നിർദേശിച്ചത്. ശനിയാഴ്ച കേസ് പരിഗണിക്കുമ്പോൾ പ്രതികളിൽ നിന്ന് പിടിച്ചെടുത്ത സാധനങ്ങൾ കോടതിയിൽ എത്തിക്കണമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ജയപ്രസാദ് പ്രസാദിനോട് നിർദേശിച്ചു. എന്നാൽ ശനിയാഴ്ച കോടതിയിലെത്തിയപ്പോൾ അന്വേഷണ ഉദ്യോഗസ്ഥൻ തൊണ്ടി സാധനമായ കഞ്ചാവ് കൊണ്ടുവന്നില്ല. പകരം കേസ് രജിസ്റ്റര്‍ ചെയ്ത രാജ്ഗഞ്ച് പൊലീസ് സ്റ്റേഷനിലെ ഓഫീസർ ഇൻ ചാർജിന്റെ ഒരു റിപ്പോർട്ട് കോടതി മുമ്പാകെ സമർപ്പിച്ചു. പൊലീസ് സ്റ്റേഷനിലെ സ്റ്റോറിൽ സൂക്ഷിച്ചിരുന്ന തൊണ്ടി മുതൽ പൂർണമായും എലികൾ തിന്നു നശിപ്പിച്ചു എന്നാണ് റിപ്പോർട്ടിലുണ്ടായിരുന്നതെന്ന് പ്രതിഭാഗം അഭിഭാഷകൻ അഭയ് ഭട്ട് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് പൊലീസ് സ്റ്റേഷനിൽ പ്രത്യേക റിപ്പോർട്ടും രജിസ്റ്റർ ചെയ്തിട്ടുണ്ടത്രെ. എന്തായാലും തൊണ്ടി മുതൽ ഇല്ലെന്ന് മനസിലായപ്പോൾ പ്രതിഭാഗം അഭിഭാഷകൻ കേസ് തന്നെ വ്യാജമാണെന്ന് കോടതിയിൽ വാദിക്കുകയും ചെയ്തു.

Related Articles

Back to top button