പേവിഷബാധയേറ്റ് ചത്തത് ആറ് പശുക്കൾ.. തെരുവുനായപ്പേടിയിൽ അരിക്കുളം

കോഴിക്കോട്: തെരുവുനായ ആക്രമണ ഭീഷണിയിലാണ് കോഴിക്കോട് അരിക്കുളം നിവാസികള്‍. നായകളുടെ കടിയേറ്റ് ആഴ്ച്ചകള്‍ക്കിടെ ആറ് പശുക്കള്‍ പേ പിടിച്ച് ചത്തു. ആശങ്ക തുടരുമ്പോഴും പഞ്ചായത്തിന്‍റെ ഭാഗത്തു നിന്ന് ഫലപ്രദമായ ഇടപെടല്‍ ഉണ്ടാകാത്തതില്‍ രോഷത്തിലാണ് നാട്ടുകാര്‍. മനുഷ്യരെ ഇതുവരെ ആക്രമിച്ചിട്ടില്ലെങ്കിലും അരിക്കുളം പഞ്ചായത്തിലെ പൂതേരിപാറയില്‍ തെരുവ് നായകളെ പേടിച്ച് പുറത്തിറങ്ങാന്‍ കഴിയാത്ത സ്ഥിതിയാണ്. ഒന്നും രണ്ടുമല്ല ചത്തത് ആറു പശുക്കള്‍. ചത്തത് അ‍‌ഞ്ചു വീട്ടുകാരുടെ ഉപജീവന മാര്‍ഗം. തെരുവ് നായ കടിച്ച് പേ പിടിച്ചായിരുന്നു മരണം. ഇതില്‍ രണ്ടെണ്ണം പ്രസവിക്കാറായവ ആണ്. ചത്ത പശുക്കളെ പരിപാലിച്ചവരും അവരുടെ കുടുംബാംഗങ്ങളും പേവിഷ പ്രതിരോധ കുത്തിവെപ്പ് എടുത്തിട്ടുണ്ടെങ്കിലും ആശങ്ക വിട്ടുമാറുന്നില്ല. തെരുവ് നായ ശല്യം കുറയ്ക്കാന്‍ പഞ്ചായത്തു തലത്തില്‍ നടപടികളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. ക്ഷീര കര്‍ഷകര്‍ക്ക് നഷ്ടപരിഹാരവും കിട്ടിയിട്ടില്ല.  രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ തെരുവുനായകള്‍ വിലസുമ്പോള്‍ രക്ഷാമാര്‍ഗം എന്തെന്ന് തലപുകയ്ക്കുകയാണ് അരിക്കുളം ഗ്രാമം.

Related Articles

Back to top button