പാലക്കാട് നാട്ടാനകളുടെ കൊമ്പ് മുറിച്ചെടുത്തു….രണ്ട് പേർ പിടിയിൽ….
പാലക്കാട് പട്ടാമ്പിയിൽ ആനക്കൊമ്പുകളുമായി രണ്ട് പേർ വനം വകുപ്പിന്റെ പിടിയിൽ. നാട്ടാനകളുടെ കൊമ്പ് മുറിച്ചെടുത്ത് വില്പന നടത്തുന്ന സംഘമാണെന്ന് പ്രാഥമിക നിഗമനം. ഇവരിൽ നിന്ന് ആറ് ആനക്കൊമ്പുകൾ പിടികൂടി. പട്ടാമ്പി വടക്കുംമുറി സ്വദേശി കൊള്ളിത്തൊടി രത്നകുമാർ, പട്ടാമ്പി മഞ്ഞളുങ്ങൽ സ്വദേശി ബിജു എന്നിവരെയാണ് വനം വകുപ്പ് ഫ്ലൈയിങ്ങ് സ്ക്വാഡ് സംഘം പിടികൂടിയത്.പട്ടാമ്പിയിലെ ബാറിൽ നിന്ന് ആനക്കൊമ്പ് കൈമാറുന്നതിനിടെയാണ് ഇരുവരും പിടിയിലായത്.
നാട്ടാനകളുടെ കൊമ്പ് മുറിച്ചെടുത്ത് വിൽപന നടത്തുകയും അതിൽ നിന്നും ഉൽപ്പന്നങ്ങളുണ്ടാക്കുകയുമാണ് സംഘത്തിന്റെ രീതിയെന്നാണ് സംശയം. എന്നാൽ ആരാണ് നാട്ടാനകളുടെ കൊമ്പ് മുറിച്ചെടുത്ത് ഇവർക്ക് നൽകിയതെന്ന് വ്യക്തമായിട്ടില്ല. ഇക്കാര്യം ചോദ്യം ചെയ്ത് വരികയാണെന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചു. ഒറ്റപ്പാലം ഫോറസ്റ്റ് റേഞ്ച് ഓഫീസർ കെപി ജിനീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇരുവരെയും പിടികൂടിയത്.