നാലു കിലോ തൂക്കമുള്ള നാടന്‍ പൂവന്‍കോഴി…. വില കേട്ട് ഞെട്ടരുത്…..
കഴിഞ്ഞദിവസം കണ്ണൂരിലെ ഉത്സവപ്പറമ്പില്‍ സ്റ്റാറായത് ഒരു പൂവന്‍ കോഴിയാണ്. നാലു കിലോ തൂക്കമുള്ള നാടന്‍ പൂവന്‍കോഴിയെ ലേലത്തില്‍ വച്ചപ്പോള്‍ വീറും വാശിയും നിറഞ്ഞ് കത്തിക്കയറി. പത്ത് രൂപക്ക് ആഘോഷ കമിറ്റി ലേലത്തില്‍ വച്ച പൂവന്‍കോഴി ഒടുവില്‍ ലേലത്തില്‍ പോയത് 34,000 രൂപയ്ക്ക്. പൂവനെ സ്വന്തമാക്കിയത് ടീം എളന്നര്‍ എഫ് ബി കൂട്ടായ്മ. രണ്ടുമണിക്കൂറോളമാണ് ലേലം നീണ്ടത്.
ഇരിട്ടിക്കടുത്ത് പെരുമ്പറമ്പ് പുതിയ ഭഗവതി ക്ഷേത്ര തിറയോടനുബന്ധിച്ച് നടത്തിയ ലേലത്തിലാണ് പൂവന്‍കോഴിക്ക് 34,000 രൂപ വിലയുണ്ടായത്. ലേലത്തില്‍ പങ്കെടുത്തവര്‍ തമ്മിലുള്ള വീറും വാശിയും കണ്ടുനിന്നവരെയും പങ്കെടുത്തവരെയും ആവേശം കൊള്ളിച്ച് ലേലം കത്തിക്കയറിയപ്പോഴാണ് ആയിരവും പതിനായിരവും കടന്ന് തുക കുതിച്ചുയര്‍ന്നത്. ഒരു കോഴിക്ക് ഇത്രയും വലിയ തുക കടക്കുമെന്ന് ആരും കരുതിയിരുന്നില്ല. എന്നിട്ടും ലേലത്തില്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങിയവരാരും അണുവിട വിട്ടുകൊടുക്കാന്‍ തയാറാകാതെ ആദ്യാവസാനം വരെ ഉറച്ചുനിന്നു. വില ഇരുപതിനായിരം കടന്നതോടെ പിന്നീടുള്ള ഒരോ വിളിക്കും സംഘാടകര്‍ 1000 രൂപ നിശ്ചയിച്ചു. എന്നിട്ടും വിട്ടുകൊടുക്കാതെ വ്യക്തികള്‍ സംഘങ്ങളായി മത്സരരംഗത്തിറങ്ങി.
തെയ്യത്തിന്റെ പുറപ്പാട് ആരംഭിക്കാന്‍ സംഘാടകര്‍ നിശ്ചയിച്ച സമയമായതോടെ റെകോര്‍ഡ് തുകയായ 34,000 രൂപക്ക് ടീം എളന്നര്‍ എഫ് ബി കൂട്ടായ്മ ലേലം ഉറപ്പിച്ച് പൂവന്‍കോഴിയെ സ്വന്തമാക്കുകയായിരുന്നു. ഭാവന കലാകായിക കേന്ദ്രം പെരുമ്പറമ്പ്, ചേക്കല്‍ ബോയ്‌സ് പെരുവംപറമ്പ് എന്നിവര്‍ സംഘം ചേര്‍ന്നും ഗോപി സേഠ്, രഘു മുക്കുട്ടി, പ്രസാദ് പെരുവംപറമ്പ് എന്നിവര്‍ വ്യക്തികളായും തുടക്കം മുതല്‍ ഒടുക്കം വരെ ലേലത്തില്‍ സജീവമായതോടെയാണ് വില കുതിച്ചുയര്‍ന്നത്. ആഘോഷ കമിറ്റി ഭാരവാഹികളായ പി അശോകന്‍, വികെ സുനീഷ്, വിപി മഹേഷ്, കെ ശരത്, എം ഷിനോജ്, എം പ്രമോദ് എന്നിവരുടെ നേതൃത്വത്തിലാണ് രണ്ട് മണിക്കൂര്‍ മുടങ്ങാതെ ലേലം വിളിച്ച് ഉത്സവപ്പറമ്പില്‍ വീറും വാശിയും ഉണ്ടാക്കിയത്. ഉയര്‍ന്ന വിലക്ക് മുന്‍വര്‍ഷങ്ങളിലും ലേലം നടന്നിട്ടുണ്ടെങ്കിലും 34,000 രൂപ ഒരു കോഴിക്ക് ലഭിക്കുന്നത് ഇതാദ്യമായിട്ടാണെന്ന് ഉത്സവാഘോഷ കമിറ്റി ഭാരവാഹികള്‍ പറഞ്ഞു.