നടുറോഡില്‍ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി…ജാമ്യത്തിലിറങ്ങി…. ശേഷം…..
തിരുവനന്തപുരം: പട്ടാപ്പകല്‍ നടുറോഡില്‍ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി ജാമ്യത്തിൽ ഇറങ്ങിയ ശേഷം കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു. കാട്ടായിക്കോണം മങ്ങാട്ടുകോണത്ത് സെൽവരാജ് (46) ആണ് മരിച്ചത്. കഴിഞ്ഞവർഷം ഓഗസ്റ്റ് 31നാണ് നാടിനെ നടുക്കിയ കൊലപാതകം. ശാസ്തവട്ടം ജംഗ്ഷനിൽ നടുറോഡിൽ സെൽവരാജിന്‍റെ ഭാര്യയായിരുന്ന പ്രഭ (37 )നെയാണ് കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ഈ കേസിൽ കഴിഞ്ഞ ദിവസമാണ് സെൽവരാജ് ജാമ്യത്തിൽ ഇറങ്ങിയത്. വൈകീട്ടോടെ വീട്ടുവളപ്പിലെ കിണറ്റിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു.
കുടുംബപ്രശ്നത്തെ തുടർന്ന് പ്രഭയും സെൽവരാജും പിരിഞ്ഞായിരുന്നു താമസം. ജോലി കഴിഞ്ഞ് മടങ്ങുമ്പോൾ സെൽവരാജ് അവിടെയെത്തുകയും ഇരുവരും സംസാരിച്ചു നടക്കുന്നതിനിടയിൽ കത്തി കൊണ്ട് കഴുത്തറുക്കുകയുമായിരുന്നു. രക്തം വാര്‍ന്നാണ് പ്രഭ മരിച്ചത്. സെൽവരാജിനെ പൊലീസ് മങ്ങാട്ടുകോണം ജംക്ഷനിൽ നിന്നു കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ദമ്പതികള്‍ക്ക് രണ്ട് മക്കളുണ്ട്. ഭാര്യയെ ഒപ്പം താമസിക്കാൻ വിളിച്ചിട്ടും വരാത്തതിലുള്ള വൈരാഗ്യമാണ് കൊലയ്ക്കു കാരണം. 10 വര്‍ഷം മുമ്പാണ് ഇവര്‍ വിവാഹിതരായത്. സെൽവരാജിന്റെ രണ്ടാമത്തേയും പ്രഭയുടെ മൂന്നാമത്തെയും വിവാഹവുമായിരുന്നു.