തോക്കു ചൂണ്ടി വിമുക്ത ഭടൻറെ പരാക്രമം…..

ആലപ്പുഴ: ആലപ്പുഴയിലെ ചാരുംമൂട് ടൗണിലെ മൊബൈൽ ഫോൺ കടയിൽ കയറി ജീവനക്കാരെ ആക്രമിക്കുകയും തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്ത വിമുക്തഭടൻ അറസ്റ്റിൽ. കായംകുളം പത്തിയൂർ ഏരുവ പടിഞ്ഞാറ് കളീക്കൽ വീട്ടിൽ ശിവകുമാർ (47) നെയാണ് നൂറനാട് സി ഐ ഷൈജു ഇബ്രാഹിമും സംഘവും അറസ്റ്റ് ചെയ്തത്. സ്വകാര്യ സെക്യൂരിറ്റി സർവ്വീസ് സ്ഥാപനത്തിലെ ജീവനക്കാരനായ ഇയാളിൽ നിന്നും പിസ്റ്റളും വെടിയുണ്ടകളും പിടിച്ചെടുത്തു. ചാരുംമൂട് ടൗണിലുള്ള മൊബൈൽ ഫോൺ ഷോപ്പിൽ ബുധനാഴ്ച രാത്രി 7 മണിയോടെയായിരുന്നു സംഭവം.

നാല് ദിവസം മുമ്പ് മൊബൈൽ ഫോൺ ഷോപ്പിലെത്തിയ ശിവകുമാർ ഫോണിന്‍റെ ഡിസ്പ്ലേ മാറ്റി പോയിരുന്നു. എന്നാൽ മാറ്റിയ ഡിസ്പ്ലേ തകരാറിലാണെന്നും മാറ്റിത്തരണമെന്നും ആവശ്യപ്പെട്ടാണ് ഇയാൾ വീണ്ടും ഷോപ്പിലെത്തിയത്. ബുധനാഴ്ച സന്ധ്യയോടെ വീണ്ടും ഷോപ്പിലെത്തിയ ഇയാൾ ആവശ്യം പറഞ്ഞ് വനിതാ ജീവനക്കാരിയോടും ജീവനക്കാരനായ യുവാവിനോടും തട്ടിക്കയറുകയും യുവാവിനെ മർദ്ദിക്കുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. തുടർന്നാണ് ഇയാൾ കൊണ്ടു വന്ന ബാഗിൽ നിന്നും പിസ്റ്റൾ പുറത്തെടുത്ത് ജീവനക്കാരെ ഭീഷണിപ്പെടുത്തിയത്.ഈ സമയം ഷോപ്പിലുണ്ടായിരുന്നയാൾ പിടിച്ചു മാറ്റിയതോടെ ഇയാൾ ഷോപ്പിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന കാറിൽ കയറി രക്ഷപ്പെടുകയായിരുന്നു. സി സി ടി വി ദൃശ്യങ്ങളടക്കം ജീവനക്കാർ നൽകിയ പരാതിയെ തുടർന്ന് ജില്ലാ പൊലീസ് മേധാവിയുടെയുടെയും ചെങ്ങന്നൂർ ഡി വൈ എസ് പിയുടെയും നിർദ്ദേശപ്രകാരം നൂറനാട് സി ഐയും സംഘവും കാറ് കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ രാത്രി 11 മണിയോടെ കായംകുളം രണ്ടാംകുറ്റിയിൽ നിന്നുമാണ് ഇയാളെ പിടി കൂടിയത്. ഇയാളുടെ വീട്ടിൽ നിന്നും പിസ്റ്റളും വെടിയുണ്ടകളും പൊലീസ് കണ്ടെടുത്തു.

വിമുക്തഭടനായ ഇയാൾ സ്വകാര്യ സെക്യൂരിറ്റി സർവീസ് സ്ഥാപനത്തിൽ ജോലി ചെയ്യുകയാണ്. ജോലി ആവശ്യത്തിനായി ഉപയോഗിക്കുന്ന പിസ്റ്റലിന് ലൈസൻസ് ഉള്ളതാണെന്നും ലൈസൻസ് രേഖകൾ കണ്ടെടുത്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. മാവേലിക്കര കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പ്രതിയുടെ ആയുധ ലൈസൻസ് റദ്ദ് ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.

Related Articles

Back to top button