തൊഴിലുറപ്പ് തൊഴിലാളികൾ ഉറച്ച നിലപാടും കൃത്യമായ രാഷ്ട്രീയ ബോധ്യവും ഉള്ളവർ..മേയർ ആര്യ രാജേന്ദ്രൻ..

തിരുവനന്തപുരം: തൊഴിലുറപ്പ് തൊഴിലാളികൾക്കെതിരെ വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലുണ്ടായ പരാമർശങ്ങൾക്കെതിരെ പ്രതികരിച്ച് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ. ഞങ്ങൾക്ക്‌ തൊഴിലുറപ്പ് തൊഴിലാളികൾ അദ്ധ്വാനിക്കുന്ന തൊഴിലാളി വർഗ്ഗമാണെന്ന് മേയർ ആര്യ രാജേന്ദ്രൻ പറഞ്ഞു. ആത്മാഭിമാനത്തോടെ പണിയെടുത്ത്‌ കുടുംബം പോറ്റുകയും അതിൽ അഭിമാനിക്കുകയും അന്തസോടെ ജീവിക്കുകയും ചെയ്യുന്നവരാണ് അവരെന്നും മേയർ പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് മേയറുടെ പ്രതികരണം. ‘യു ഡി എഫുകാർക്ക്‌ തൊഴിലുറപ്പ്‌ തൊഴിലാളികൾ രാഷ്ട്രീയനിലപാടില്ലാത്തവരാണത്രെ.യു ഡി എഫുകാർക്ക്‌ തൊഴിലുറപ്പ്‌ തൊഴിലാളികൾ പ്രിവിലേജില്ലാത്തവരാണത്രെ. യു ഡി എഫുകാർക്ക്‌ തൊഴിലുറപ്പ്‌ തൊഴിലാളികൾ അവർക്ക്‌ മുദ്രാവാക്യങ്ങളിൽ പരിഹസിക്കാനുള്ള മനുഷ്യരാണത്രെ. എന്നാൽ ഒരു കാര്യം ഞങ്ങൾ വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. ഞങ്ങൾക്ക്‌ അവർ അദ്ധ്വാനിക്കുന്ന തൊഴിലാളി വർഗ്ഗം ആണ്‌. ആത്മാഭിമാനത്തോടെ പണിയെടുത്ത്‌ കുടുംബം പോറ്റുകയും അതിൽ അഭിമാനിക്കുകയും അന്തസോടെ ജീവിക്കുകയും ചെയ്യുന്നവരാണ്‌. ഉറച്ച നിലപാടും കൃത്യമായ രാഷ്ട്രീയ ബോദ്ധ്യവും ഉള്ളവരാണ്‌. ചേർത്ത്‌ പിടിക്കലിന്റേയും സഹജീവി സ്നേഹത്തിന്റേയും പരസ്പര ബഹുമാനത്തിന്റേയും അടയാളങ്ങളാണ്‌. ഞങ്ങളുടെ ചേച്ചിമാരും അമ്മമാരും ആണ്‌ അവരിൽ ഓരോരുത്തരും. എല്ലാത്തിനുമുപരി ഞങ്ങളുടെ അഭിമാനങ്ങളാണ്‌’.- മേയർ പറഞ്ഞു.

Related Articles

Back to top button